ന്യൂ ഡെൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ-വാഹന റാലികൾ എന്നിവക്കുള്ള വിലക്ക് തുടരും. അതേ സമയം ഹാളുകൾക്ക് അകത്തും പുറത്തും യോഗങ്ങൾ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടിയിട്ടുണ്ട്.
ഇൻഡോർ ഹാളുകളിൽ അവിടെ ഉൾക്കൊള്ളുന്നതിന്റെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും തുറന്ന മൈതാനങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ 30 ശതമാനം പേരെ പങ്കെടുപ്പിക്കാനുമാണ് അനുമതി നൽകിയിട്ടുള്ളത്.
വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണത്തിന് നേരത്തെ നിശ്ചയിച്ചത് പോലെ 20 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാൻ പാടില്ല. രാത്രി എട്ട് മണിക്കും രാവിലെ എട്ട് മണിക്കും ഇടയിലുള്ള പ്രചാരണ വിലക്ക് തുടരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി അഞ്ചിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലേയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിറക്കിയത്.