മുംബൈ: സൂപ്പർമാർക്കറ്റുകളിലും കടകളിലും വൈൻ വിൽപനയ്ക്ക് അനുമതി നൽകികൊണ്ടുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അദ്ദേഹം കത്തെഴുതി.
അതേസമയം സർക്കാരിന്റെ പുതിയ നയത്തിനെതിരേ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു.
സർക്കാരിന്റെ പുതിയ നയത്തിനെതിരേ മുന്നറിയിപ്പ് നൽകികൊണ്ടുള്ള കത്ത് ഞാൻ സംസ്ഥാന സർക്കാരിന് അയച്ചിരുന്നു. എന്നാൽ അതിൽ യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചില്ല. ഈ അടുത്താണ് സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും വൈൻ വില്പനക്കായി അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
എന്നാൽ ഈ തീരുമാനം നിർഭാഗ്യകരമാണ്. ഇത് വരും തലമുറയെ ദോഷകരമായി ബാധിക്കും. ഈ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് എന്റെ തീരുമാനം- അദ്ദേഹം പറഞ്ഞു. വൈൻ വിൽപനയ്ക്ക് അനുമതി നൽകികൊണ്ടുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനത്തിനെതിരേ ബി ജെ പിയും രംഗത്തെത്തിയിരുന്നു.