കൊച്ചി: വിമാനയാത്രക്കാര്‍ക്ക് ലളിതവും സൗകര്യപ്രദവുമായ സേവനങ്ങള്‍ കൂടുതലായി നല്‍കുന്നതിന്റെ ഭാഗമായി എയര്‍ഏഷ്യ വിമാനത്താവളങ്ങളിലെ ലോഞ്ചുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം ആരംഭിച്ചു. airasia.co.in എന്ന വെബ്സൈറ്റിലൂടേയും മൊബൈല്‍ ആപ്പിലൂടേയും ടിക്കറ്റു ബുക്കു ചെയ്യുമ്പോള്‍ തന്നെ 800 രൂപ മുതലുള്ള നാമമാത്ര ഫീസില്‍ ലോഞ്ചുകള്‍ ബുക്കു ചെയ്യാം. ഫ്ളൈറ്റ് ബുക്കിങിനു ശേഷം വെബ്സൈറ്റിലെ മാനേജ് എന്ന വിഭാഗത്തിലൂടേയും ചെക്ക് ഇന്‍ വേളയിലും ഇതു സാധ്യമാകും
അതിവേഗ വൈഫൈ, ചൂടുള്ള ഭക്ഷണങ്ങളും പാനീയങ്ങളും, പലഹാരങ്ങള്‍, പത്രങ്ങളും മാസികകളും, ലാപ്ടോപുകള്ക്കും മൊബൈലിനുമുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍, ബിസ്സിനസ് സെന്റര്‍ സൗകര്യങ്ങള്‍, ലോഞ്ച് ബാറുകള്‍ തുടങ്ങിയ വിമാനത്താവള ലോഞ്ച് സേവനങ്ങള്‍ അതിഥികള്‍ക്ക് പ്രയോജനപ്പെടുത്താം.
എയര്‍ലൈനിന്റെ നാലു ഹബ്ബുകളും മിക്കവാറും പ്രധാന കേന്ദ്രങ്ങളും അടക്കമുള്ള 13 വിമാനത്താവളങ്ങളിലാണ് എയര്‍ഏഷ്യ ഇപ്പോള്‍ ലോഞ്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. കൊച്ചി, ബെംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവഹാട്ടി, ഹൈദരാബാദ്, ജെയ്പൂര്‍, കോല്‍ക്കൊത്ത, മുംബൈ, പൂനെ, റാഞ്ചി എന്നിവിടങ്ങളില്‍ ഈ സേവനം ലഭിക്കും.
വിമാനത്താവള ലോഞ്ചുകളില്‍ എളുപ്പത്തിലുള്ള സേവനം ലഭ്യമാക്കുന്നത് തങ്ങളുടെ അതിഥികള്‍ക്ക് കൂടുതല്‍ സമഗ്രവും ആഹ്ലാദകരവുമായ യാത്രാ അനുഭവങ്ങളാവും പ്രദാനം ചെയ്യുകയെന്ന് എയര്‍ഏഷ്യ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ സിദ്ധാര്‍ത്ഥ ബൂടാലിയ പറഞ്ഞു.
പുതുമകള്‍ അവതരിപ്പിക്കുന്നതും ഡിജിറ്റല്‍ സേവനങ്ങള്‍ ഏറ്റവും ആദ്യം ലഭ്യമാക്കുന്നതുമായ ബ്രാന്‍ഡ് എന്ന നിലയില്‍ സേവന അനുഭവങ്ങള്‍ വ്യത്യസ്തമാക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും തങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്.
ആകാശത്ത് 36,000 അടി ഉയരത്തില്‍ ചൂടേറിയതും ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്ന പുതിയ ഡൈനിങ് ബ്രാന്‍ഡ് ആയ ഗൗര്‍മയര്‍ അടുത്തിടെയാണു തങ്ങള്‍ അവതരിപ്പിച്ചത്. വിമാനത്തിലെ സേവനങ്ങളും വിമാനത്താവള ലോഞ്ചുകളും അവതരിപ്പിച്ചതിനു പുറമെ ബാഗേജുകള്‍ ഡെലിവറി ചെയ്യുന്ന ഫ്ളൈപോര്‍ട്ടര്‍ ഹോം, അവിസുമായി സഹകരിച്ച് സ്വന്തമായി ഓടിക്കുന്നതും ഡ്രൈവര്‍ കൂടെയുള്ളതും അടക്കമുള്ള കാര്‍ റെന്റല്‍ സേവനങ്ങള്‍ തുടങ്ങിയ നിരവധി പുതുമയുള്ള നീക്കങ്ങളും തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.