പാലക്കാട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കണക്കൻതുരുത്തി, കാളാംകുളം, മാണിക്യപ്പാടം, പല്ലാറോഡ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ 2 ആഴ്ചക്കുള്ളിൽ പുലി ഇറങ്ങിയത്.
കണക്കന്‍തുരുത്തിയില്‍ ഇന്നലെ പുലര്‍ച്ചെ ടാപ്പിങ് തൊഴിലാളി ജിന്‍സണും ഭാര്യയും ബൈക്കില്‍ വരുമ്പോള്‍ പുലി റോഡിന് കുറുകെ നടന്നു നീങ്ങുന്നതായി കണ്ടു. ഇതിനു സമീപം കണക്കന്തുരുത്തി ശ്രീചക്ര ഇലക്ട്രിക്കല്‍സ് ഉടമ നല്ലമുത്തുവിന്റെ വീട്ടിലെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നിലവിൽ വനംവകുപ്പ് രാത്രിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആലത്തൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെആർ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ സലിം, ബിഎസ്ഒമാരായ കെ സുനിൽ, കെ മുഹമ്മദാലി, സുരേഷ് ബാബു, നിഖിൽ കുമാർ, സവാദ്, മഹേഷ് എന്നിവരും പരിശോധന നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.