ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളജിലെ ആറംഗ ഡോക്ടർമാർ ഉൾപ്പെടെ 9 അംഗ സംഘം നടത്തിയ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിസ്‌ചാർജ് ആയത്. സമയോചിതമായി വൈദ്യ സഹായം എത്തിച്ചതിനാലാണ് തനിക്ക് ഇപ്പോൾ ജീവിച്ചിരിക്കാൻ സാധിക്കുന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് നാട്ടുകാരോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു. വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്.
“കോട്ടയം ജില്ലക്കാർ എനിക്ക് ജീവൻ തിരിച്ചുതന്നു. കോർഡിനേഷൻ കൃത്യമായിരുന്നു. എൻ്റെ വാഹനത്തിലാണ് ഞാൻ ആശുപത്രിയിലേക്ക് വരാനിരുന്നത്. പക്ഷേ, വഴി അറിയില്ലായിരുന്നു. പിന്നീട് എന്നെ ഇവിടേക്ക് വിളിച്ച വാർഡ് മെമ്പറിനെയും നിജു എന്ന ചെറുപ്പക്കാരനെയും വിവരമറിയിച്ചു. നിജുവിനെ ഒരിക്കലും മറക്കാനാവില്ല. അദ്ദേഹമാണ് അദ്ദേഹത്തിൻ്റെ വാഹനത്തിൽ എന്നെ ആശുപത്രിയിലെത്തിച്ചത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. അങ്ങനെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതൊന്നും എനിക്കോർമയില്ല. നാലാം ദിവസമാണ് എനിക്ക് ബോധം വരുന്നത്. അപ്പോൾ മന്ത്രി വിഎൻ വാസവൻ എത്തി പൈലറ്റ് അകമ്പടിയോടെ എന്നെ മെഡിക്കൽ കോളജിൽ എത്തിച്ചു. കുറേ തവണ മുൻപ് എനിക്ക് പാമ്പുകടി ഏറ്റിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും ലഭിക്കാത്ത കോർഡിനേഷൻ ഇവിടെ ലഭിച്ചു. കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു. അതുകൊണ്ട് തിരികെവന്നു.”- വാവ സുരേഷ് പറഞ്ഞു.
“ഒരാൾക്ക് അപകടം പറ്റുമ്പോ ചില കഥകളിറങ്ങും. 2006ലാണ് വനംവകുപ്പിന് പാമ്പിനെ പിടിക്കാൻ ഞാൻ ആദ്യമായി പരിശീലനം നൽകുന്നത്. അന്ന് മറ്റ് പാമ്പ് പിടുത്തക്കാരൊന്നും ഉണ്ടായിരുന്നില്ല. എനിക്കെതിരെ ഇപ്പോൾ ക്യാമ്പയിൻ നടക്കുകയാണ്. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലാണ് അത് നടക്കുന്നത്. ഈയിടെ, ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്ന ഒരാൾക്ക് കയ്യിൽ കടിയേറ്റ് 6 ദിവസം കോഴിക്കോട് രഹസ്യമായി ചികിത്സ തേടിയത് എനിക്കറിയാം. ചാക്കിലാക്കുമ്പോ കടിയേറ്റത് എനിക്കറിയാം. ഇതിൽ സുരക്ഷിതമായ രീതി ഇല്ല. പാമ്പ് പിടുത്ത രീതിയിൽ മാറ്റം വരുത്തണോ എന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. മരണം വരെ പാമ്പ് പിടുത്തം തുടരും.”- വാവ സുരേഷ് കൂട്ടിച്ചേർത്തു.