കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി ജിയറാം ജിലോട്ടിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതോ, അല്ലെങ്കിൽ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ സ്വദേശിയായ തസ്മി ബീബി (32) യാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരിൽ മെഡിക്കൽ കോളേജ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ശനിയാഴ്ച മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയശേഷം തസ്മി ബീബിയെ അറസ്റ്റ് ചെയ്യാനും കോടതിയിൽ റിപ്പോർട്ട് നൽകാനുമാണ് പോലീസിന്റെ തീരുമാനം. ബലപ്രയോഗം നടന്ന് അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ മരണവും ഉണ്ടായിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. വയറ്റിനുള്ളിൽ ഉച്ചഭക്ഷണമാണ് കണ്ടെത്തിയത്. ഒട്ടും തന്നെ ദഹിച്ചിട്ടില്ലാത്ത ഭക്ഷണമായിരുന്നു വയറിനുള്ളിൽ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് ഒരുമണിക്കൂറിനകം മരണം സംഭവിച്ചിരിക്കാമെന്നാണ് നിഗമനം.
മൂന്നു യുവതികളായിരുന്നു ഒരു സെല്ലിൽ കഴിഞ്ഞത്. ബുധനാഴ്ച വൈകീട്ട് മുതൽ ഈ സെല്ലിൽനിന്ന് ബഹളം കേട്ടിരുന്നു. അത് കഴിഞ്ഞ് രാത്രി 7.30-നും 7.45-നുമിടയിലാണ് മർദനവും ബലപ്രയോഗവും ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പോലീസിന് നൽകിയ വിവരം.കിടക്കുന്നതുമായിബന്ധപ്പെട്ട സ്ഥലത്തെ ചൊല്ലിയായിരുന്നു തർക്കം. ഇതേ സമയത്താണ് ജീവനക്കാർ രാത്രി ഭക്ഷണവുമായി സെല്ലിൽ എത്തുന്നത്. അപ്പോൾ ജിയറാം ജിലോട്ട് സെല്ലിൽ വീണുകിടക്കുകയായിരുന്നു.ഇവരുടെ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം ഒഴുകുന്ന നിലയിലുമായിരുന്നു.
ഈ രക്തമെടുത്ത് തസ്മി ബീബി മുഖത്ത് തേച്ചു. ഇതുകണ്ട, ഭക്ഷണവുമായി എത്തിയ ജീവനക്കാർ ധരിച്ചത് തസ്മിക്കാണ് പരുക്കേറ്റതെന്നാണ്. ഇവരുമായി ജീവനക്കാർ ഡോക്ടറുടെ അടുത്തേക്ക് പോയി.അതേസമയം ജിയറാമിനെ ആരും ശ്രദ്ധിച്ചതുമില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഒന്നിലും ഇടപെടാതെ സെല്ലിലെ മൂന്നാമത്തെ യുവതി മാറി നിൽക്കുകയായിരുന്നു. ബലപ്രയോഗവും അടിപിടിയും നടന്നിട്ടും രണ്ടുപേർക്കും പരിക്ക് പറ്റിയോ എന്ന കാര്യം ജീവനക്കാർ ശ്രദ്ധിച്ചതേയില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വ്യാഴാഴ്ച പുലർച്ചെ 5.45-ന് ജിയറാം ജിലോട്ട് ഉണരാതിരുന്നതോടെ ജീവനക്കാർ എത്തി വിളിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുകയാണെന്ന് മനസ്സിലായത്.യുവതിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശൻ പറഞ്ഞു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.വി. ആശയുടെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.