ഹോട്ടലുകളുടെ വൃത്തിയും നിലവാരവും നിശ്ചയിക്കാൻ പുതിയ റേറ്റിങ് വരുന്നു. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ശാസ്ത്രീയ ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ) നക്ഷത്രപദവി തീരുമാനിക്കുക.
ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, വൃത്തിയും വെടിപ്പും, ഭക്ഷ്യവിഭവങ്ങളുടെ നിലവാരം എന്നിവ വിലയിരുത്താൻ രണ്ട് ഘട്ടങ്ങളായി ഓഡിറ്റിങ് നടത്തും. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകൾക്ക് നൽകാൻ പ്രത്യേക പരിശോധന ലിസ്റ്റും തയാറാക്കി.
എഫ്.എസ്.എസ്.എയുടെ അംഗീകാരമുള്ള മറ്റൊരു ഏജൻസിയാകും മൂന്നാംഘട്ട ഓഡിറ്റിങ് നടത്തുക. ഓഡിറ്റിങ് റിപ്പോർട്ട് അതോറിറ്റിയുടെ ഡൽഹി ഓഫിസിലേക്ക് അയക്കും. ഇത് വിശകലനം ചെയ്താകും അന്തിമതീരുമാനം. ഹോട്ടലിന്റെ പൊതുനിലവാരവും വൃത്തിയും അനുസരിച്ച് ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ സർട്ടിഫിക്കറ്റ് നൽകും. ഹോട്ടലുകൾ ഈ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിക്കണം.
ഭക്ഷ്യസുരക്ഷ വകുപ്പ് തയാറാക്കുന്ന പ്രത്യേക ആപ്പ് വഴി ഓരോ ഹോട്ടലിന്റെയും ശുചിത്വവും നിലവാരവും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാം.