രമേശ് ചെന്നിത്തലയുടെ നടപടികളിൽ കെ പി സി സി ക്ക് അതൃപ്തിയെന്ന വാർത്ത നിഷേധിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. വാർത്തയുടെ ഉറവിടം സംബന്ധിച്ച് ഒരറിവും ഇല്ലാത്തതാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം കെ പി സി സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നയപരമായ കാര്യങ്ങളിൽ ഒറ്റക്ക് തീരുമാനങ്ങളെടുക്കുന്നതിൽ രമേശ് ചെന്നിത്തലക്കെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത് . ചെന്നിത്തലയെ അതൃപ്തി നേരിട്ടറിയിക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് പുറത്തുവന്ന വാർത്ത. അതേ സമയം മുതിർന്ന നിയമസഭാ അംഗമെന്ന നിലയിലാണ് ചെന്നിത്തല പ്രമേയത്തിനുള്ള നീക്കം തുടങ്ങിയതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിശദീകരണം.പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഉണ്ടായിട്ടും മറ്റൊരു അധികാരകേന്ദ്രമെന്ന നിലയിൽ രമേശ് ചെന്നിത്തല ഒറ്റക്ക് നയപരമായ കാര്യങ്ങൾ പറയുന്നുവെന്നാണ് നേതൃത്വത്തിന്റെ പരാതിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്. നേതൃത്വത്തെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നത് ശരിയായ രീതിയല്ലെന്നും പാർലമെന്ററി പാർട്ടി നേതൃസ്ഥാനത്തുനിന്നും മാറിയ മുൻഗാമികൾ തുടരാത്ത ശൈലിയാണിതെന്ന പരാതിയാണ് നേതൃത്വത്തിനെന്നുമാണ് പുറത്തുവന്ന പ്രചാരണം.