കെ.എസ്.ഇ.ബി ചെയര്‍മാന്‍ അശോകനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി സി.പി.എം തൊഴിലാളി സംഘടനയായ സി.ഐ.ടി.യു രംഗത്ത്. ചെയര്‍മാന്‍ സര്‍ക്കാര്‍ നയം അട്ടിമറിക്കുകയാണെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടായെന്ന ചെയര്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്തിന്റെ അടിസ്ഥാനത്തിലാണ്. ബോര്‍ഡിന്റെ ഔദ്യോഗിക പേജ് ചെയര്‍മാന്‍ ദുരുപയോഗം ചെയ്യുകയാണെന്നും ചെയര്‍മാന്റെ അസാധാരണ നീക്കം അഴിമതിക്കും കമ്മിഷന്‍ പറ്റാനുമാണെന്നും സി.ഐ.ടി.യു ആരോപിച്ചു
കെഎസ്ഇബി ചെയര്‍മാന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയും നേരത്തേ രംഗത്തെത്തിയിരുന്നു. തന്റെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം.
വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും എംഎം ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ലെന്നും ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട നിലയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ അറിവോടെയാണോ ഇത്തരത്തില്‍ പറഞ്ഞതെന്നും, അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു. എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആക്ഷേപം.