കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിൽ ബോംബ് നിർമ്മിച്ചത് മിഥുൻ ആണെന്ന് പൊലീസ്. അക്ഷയും ഗോകുലും ബോംബ് നിർമ്മിക്കാൻ സഹായിച്ചു. ചോദ്യം ചെയ്യലിൽ ബോംബ് നിർമ്മിച്ചതായി മിഥുൻ സമ്മതിക്കുകയായിരുന്നു.
വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തിന്റെ പകയിൽ നാട്ടിൽ തുടർ ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് കണ്ണൂർ തോട്ടടയിലെ വരന്റെ മാതാപിതാക്കൾ പറഞ്ഞിരുന്നു. തലേന്ന് രാത്രിയിലെ പാട്ടും ഡാൻസും ഏച്ചൂർ, തോട്ടട സംഘങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. ഈ ആഘോഷത്തിൽ ഇല്ലാതിരുന്ന ജിഷ്ണു എന്ന ആളാണ് പിറ്റേന്നത്തെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കൾ വരുമെന്ന് കരുതിയില്ല. ഈ ദുരന്തത്തിൽ നിന്നെങ്കിലും യുവാക്കൾ പാഠം പഠിക്കണെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഇതിനിടെ കേസിലെ മൂന്നമാത്തെ പ്രതിയും പിടിയിലായി. ഏച്ചൂർ സ്വദേശി ഗോകുലാണ് ഇന്നലെ രാത്രി കസ്റ്റഡിലായത്. ഗോകുലിന്റെയും ഇന്നലെ ഉച്ചയ്ക്ക് പിടിയിലായ മിധുനിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഒന്നാംപ്രതി അക്ഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച തോട്ടടയിലെ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി ജിഷ്ണു കൊല്ലപ്പെട്ട കേസിൽ പിടിയിലായ മൂന്നുപേരും മരിച്ചയാളുടെ സുഹൃത്തുക്കളാണ്. തോട്ടട സംഘത്തിന് നേരെ ഏച്ചൂർ സംഘം എറിഞ്ഞ ബോംബ് അബദ്ധത്തിൽ സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടുകയായിരുന്നു.