ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ ഒന്നാം മത്സരം ഇന്ന് രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയത് പോലെ ട്വന്റി-20 അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. ട്വന്റി-20യില്‍ വിന്‍ഡീസിന്റേത് വളരെ ശക്തമായ ടീമാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍ കളത്തിലിറങ്ങുന്നത്.
കെ.എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ റിഷഭ് പന്തായിരിക്കും വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്ടനാകുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ഭാവി ക്യാപ്ടന്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടുന്ന താരമാണ് പന്ത് എന്ന തരത്തിലുള്ള ചര്‍ച്ച ശരിവയ്ക്കുന്നതാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനം.ക്യാപ്ടന്‍ കീറോണ്‍ പൊള്ളാഡ് പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ന് വിന്‍ഡീസിനായി കളിക്കാനിറങ്ങുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്ക് മൂലം അവസാന രണ്ട് ഏകദിനങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. പൊള്ളാഡ് കളിച്ചില്ലെങ്കില്‍ വെറ്റ്റന്‍ ആള്‍റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോയൊ റോസ്റ്റണ്‍ ചേസോ ആദ്യ പതിനൊന്നില്‍ ഇടം പിടിക്കാനാണ് സാധ്യത.
8 മാസം കഴിഞ്ഞ് നടക്കുന്ന ലോകകപ്പ് ലക്ഷ്യം വച്ചുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഈ പരമ്പര. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും ബാറ്റിംഗ് കോച്ച് വിക്രം രാത്തോറും കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി നടക്കുന്ന മത്സരങ്ങളെ പരീക്ഷണം എന്ന് പറയുന്നത് ശരിയല്ലെന്നും അത് യുവതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും രോഹിത് വ്യക്തമാക്കി. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി, ടീമില്‍ ആവശ്യമുള്ള ഭാഗത്തെ വിടവുകള്‍ നികത്താന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഹുല്‍, അക്ഷര്‍ എന്നിവരും പരിക്ക് മൂലം പുറത്തിരിക്കുന്നതിനാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കും.