തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാജ്ഭവൻ പിആർഒയ്ക്ക് പുനർനിയമനം നൽകി സർക്കാർ. കരാർ കാലാവധി പൂർത്തിയാക്കിയ പിആർഒ എസ് ഡി പ്രിൻസിനാണ് പുനർനിയമനം. രാജ്ഭവന്‍റെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. രാജ്ഭവൻ ഫോട്ടോഗ്രോഫറുടെ നിയമനം സ്ഥിരപ്പെടുത്തിയുള്ള ഉത്തരവും ഇന്ന് പുറത്തിറങ്ങി.
രാജ്ഭവൻ ശുപാർശ അംഗീകരിച്ചാണ് ഈ ഉത്തരവും ഇറങ്ങിയത്. ഗവർണർ – സർക്കാർ തർക്കത്തിനിടെയാണ് നിയമനങ്ങൾ എന്നതാണ് ശ്രദ്ധേയം. ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ചാണ് ഇടഞ്ഞുനിന്ന ഗവര്‍ണറെ ഇന്നലെ അനുനയിപ്പിച്ചത്.
എന്നാല്‍ കെ ആര്‍ ജ്യോതിലാലിനെതിരെ നടപടിയെടുത്ത് ഗവര്‍ണറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ എല്‍ഡിഎഫില്‍ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ഗവര്‍ണര്‍ വിലപേശിയതും അതിന് സര്‍ക്കാര്‍ വഴങ്ങിയതും ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. നയപ്രഖ്യാപനത്തില്‍ ഒപ്പിടേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കെ രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചപ്പോള്‍ കേക്ക് മുറിച്ചാല്‍ തീരുന്ന പ്രശ്നങ്ങളേ ഗവര്‍ണര്‍ക്കുള്ളുവെന്ന് മുന്‍ നിയമമന്ത്രി എ കെ ബാലന്‍ പരിഹസിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ മന്ത്രിസഭ പാസാക്കിയ നയപ്രഖ്യാപനം അംഗീകരിക്കുക മാത്രമാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഏക പോംവഴിയെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥന്‍റെ സ്ഥാനം തെറുപ്പിച്ച് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയതെന്തിനെന്ന ചോദ്യമാണ് സിപിഐ ഉയര്‍ത്തുന്നത്.
ഗവര്‍ണറുമായുള്ള ചര്‍ച്ചക്ക് ശേഷം ഏകെജി സെന്‍ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം നേതാക്കളുമായി മാത്രം കൂടിയാലോചന നടത്തി തീരുമാനമെടുത്തതിന്‍റെ അതൃപ്തിയും കാനം പ്രടിപ്പിക്കുന്നു. എത്രയും പെട്ടെന്ന് പ്രശ്നപരിഹാരമുണ്ടാക്കി നയപ്രഖ്യാപന പ്രസംഗം ഭംഗിയാക്കുന്നതിനാണ് മുഖ്യമന്ത്രി പ്രാധാന്യം കൊടുത്തത്. നയപ്രഖ്യാപനം വായിക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്കാകുമായിരുന്നില്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രിയും പ്രതികരിച്ചു.
ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയെന്ന പൊതുവികാരം അംഗീകരിക്കുന്നതാണ് കാനത്തിന്‍റെയും ഒരു വിഭാഗം സിപിഎം നേതാക്കളുടെയും പ്രതികരണം. സുപ്രധാനമായൊരു വിഷയത്തില്‍ എല്‍ഡിഎഫില്‍ കൂടിയാലോചന നടന്നില്ലെന്ന പരാതിയും സിപിഐ പങ്കുവെക്കുന്നു. രാജ്ഭവനുമായി കൊടുക്കല്‍ വാങ്ങലെന്ന ശക്തമായ പ്രതിപക്ഷാരോപണത്തിനിടെയാണ് എല്‍ഡിഎഫിനകത്തെ ഇത്തരം പ്രതികരണങ്ങളെന്നതും ശ്രദ്ധേയമാണ്.