കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങള്‍. കുറ്റകൃത്യത്തിലും ഗൂഡാലോചനയിലും പങ്കെടുത്ത ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇടപെടല്‍ തേടി ഉടന്‍ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിന്റെ അച്ഛൻ പറഞ്ഞു.
24 പേരെ പ്രതിചേര്‍ത്ത് ഡിസംബര്‍ മൂന്നിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രതികളുണ്ടെന്നാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങളുടെ നിലപാട്. അതുകൊണ്ട് തന്നെ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം. എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയ ശേഷം തുടരന്വേഷണ ഹര്‍ജി നല്‍കുമെന്ന് ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങളുടെ കാര്യത്തിലും ഗൂഡാലോചനയില്‍ പങ്കെടുത്ത ചിലരിലേക്കും അന്വേഷണം എത്തിയില്ലെന്നാണ് ആക്ഷേപം.
കേസിലെ മുഖ്യപ്രതി എ.പീതാംബരന്‍ ഉള്‍പ്പടെ 16 പേര്‍ ഇപ്പോള് റിമാന്റിലാണ്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ ജാമ്യം നേടി. 2019 ഫെബ്രുവരി 17 നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ല.
പെരിയ ഇരട്ടക്കൊലക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങള്‍
February 19, 2022