കണ്ണൂർ: തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണം ഊർജിതമെന്ന് സിറ്റി പൊലീസ് കമ്മീഷണർ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്.
ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു വെട്ടിക്കൊന്നത്. വെട്ടേറ്റ് കൈവിരലുകൾ അറ്റു. കാൽ മുറിച്ചുമാറ്റി. ബന്ധുക്കളുടെ മുന്നിലിട്ട് അരുംകൊലയാണ് നടത്തിയത്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് അരും കൊല നടത്തിയത്. അതി ക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.
ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോജരൻ സുരനും വെട്ടേറ്റു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്.
തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷിന്റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.
എന്നാൽ ആരോപണം തള്ളി ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. കൊലയുമായി യാതൊരു ബന്ധവുമില്ല. പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. പൊലീസിന്റെ ജോലി സി പി എം എടുക്കണ്ടായെന്നും ബി ജെ പി നേതത്വം പ്രതികരിച്ചു