തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) വൈദ്യുത വാഹന നിർമാണ യൂണിറ്റ് തുടങ്ങുന്നു. ലോഡ്സ് ഓട്ടോമാറ്റീവുമായുള്ള സംയുക്ത സംരംഭത്തിന് കരാറൊപ്പിട്ടു.
കെഎഎൽ ലോഡ്സ് ഓട്ടോമാറ്റീവ് വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും സംയുക്ത സംരംഭത്തിന്റെ പേര്. 20 മുതൽ 30 കോടി രൂപ വരെ ചെലവു വരുന്ന നിർമാണ യൂണിറ്റ് കണ്ണൂരിലായിരിക്കും സ്ഥാപിക്കുക.
കെഎഎൽ എംഡി പി.വി.ശശീന്ദ്രനും ലോഡ്സ് മാർക് ഇൻഡസ്ട്രീസ് സ്ഥാപകൻ സച്ചിദാനന്ദ് ഉപാധ്യായയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ വർഷം ഡിസംബറോടെ വ്യാവസായികാടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനം തുടങ്ങുന്ന പുതിയ സംരംഭത്തിൽ പരമാവധി ഓഹരികൾ ലോഡ്സ് ഓട്ടോമാറ്റീവിനായിരിക്കും. ലോഡ്സ് മാർക്ക് ഇൻഡസ്ട്രീസിന്റെ സഹോദര സ്ഥാപനമാണ് ലോഡ്സ് ഓട്ടോമാറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്.
ഇന്ത്യയിലെ വിവിധ മേഖലകളിലേക്കും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും താമസിയാതെ വാഹനങ്ങൾ എത്തിച്ചു തുടങ്ങും. ഇലക്ട്രിക് വാഹനങ്ങൾ സംബന്ധിച്ച നയത്തിന് രൂപം നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കെഎഎൽ മാനേജിങ് ഡയറക്ടർ പറഞ്ഞു. സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയെ ലോകത്തിലെ ഇലക്ട്രിക് വാഹന നിർമാണ രംഗത്തെ സുപ്രധാന കേന്ദ്രമാക്കി മാറ്റുമെന്ന് സച്ചിദാനന്ദ് ഉപാധ്യായ പറഞ്ഞു.