റാഞ്ചി: ജാര്‍ഖണ്ഡ് ദുംകയില്‍ 42 ലക്ഷം രൂപ ചെലവാക്കി വ്യവസായി ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിച്ചു. നൗഷാദ് ഷെയ്ഖ് എന്നയാളാണ് കൃഷ്ണക്ഷേത്രം നിര്‍മിക്കാന്‍ ഇത്രയും വലിയ തുക മുടക്കിയത്. ദൈവം ഒന്നേയുള്ളൂവെന്നും ക്ഷേത്രത്തിവും പള്ളിയിലും ചര്‍ച്ചിലും പ്രാര്‍ഥിച്ചാല്‍ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രം നിര്‍മിക്കുകയാണ് ഉചിതമെന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പ്രാണ്‍-പ്രതിഷ്ഠ. വിവിധ സമുദായങ്ങളില്‍ നിന്ന് നിരവധി പേരാണ് പരിപാടിക്ക് എത്തിയത്.
ബംഗാളിലെ മായപൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് സ്വന്തം നാട്ടിലും ക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് 55 കാരനായ നൗഷാദ് ഷെയ്ഖ് പറഞ്ഞു. ബംഗാളിലെ മായാപുര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം ദൈവം എന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ ഗ്രാമത്തില്‍ വരണമെന്ന് പറഞ്ഞു. തനിക്ക് ഒരു ക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. തിരിച്ചെത്തി 2019ല്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠ നടത്തി.
ആചാരപ്രകാരം 150ഓളം പൂജാരിമാര്‍ പങ്കെടുത്താണ് പ്രതിഷ്ഠാ ചടങ്ങ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കലാകാരികളെ ബംഗാളില്‍ നിന്ന് കൊണ്ടുവന്നു. നേരത്തെ മേല്‍ക്കൂരയില്ലാത്ത തറയിലായിരുന്നു വിഗ്രഹം പൂജിച്ചിരുന്നത്. ആ സാഹചര്യം നൗഷാദ് ഷെയ്ഖ് കാരണം മാറിയതില്‍ സന്തോഷമുണ്ടെന്ന് ഗ്രാമീണര്‍ പറഞ്ഞു. നൗഷാദിനെക്കുറിച്ച് അഭിമാനമുണ്ടെന്ന് ഗ്രാമവാസിയായ ഹമീദ് അന്‍സാരി പറഞ്ഞു