റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ആഗോള ഓഹരി വിപണിയിൽ വൻ തകർച്ച. സെൻസെക്സ് രണ്ടായിരത്തിലധികം പോയിന്റ് ഇടിഞ്ഞു.ആദ്യ മണിക്കൂറുകളിൽ പത്തു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിപണിയില്‍ റിപ്പോർട്ട് ചെയ്തതെന്ന് എകണോമിക്സ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. കേരളത്തിൽ സ്വർണ്ണ വില പവന് 37,800 രൂപയായി ഉയർന്നു. പവന് 680 രൂപയാണ് കൂടിയത്.
പത്ത് ഓഹരികളിൽ ഒമ്പതും ചുവപ്പ് വിഭാഗത്തിലാണ് (റെഡ് കാറ്റഗറി) വ്യാപാരം നടത്തുന്നത്. ബിഎസ്ഇ സെൻസെക്സിൽ രണ്ടായിരം പോയിന്റ് ഇടിവു രേഖപ്പെടുത്തി 55,300 ലാണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 600 പോയിന്റ് ഇടിഞ്ഞ് 16500 ലെത്തി.എണ്ണവിലയിലും സ്വർണത്തിലും ആഘാതമുണ്ടായി. ബ്രൻഡ് ക്രൂഡ് ഓയിൽ വില ബാരൽ ഒന്നിന് 103 ഡോളറായി. ഏഴു വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. പത്തു കോടി വിപണിയിൽ നിന്ന് നഷ്ടമായതോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ വിപണി മൂല്യം 256 ലക്ഷം കോടിയിൽനിന്ന് 246 ലക്ഷം കോടിയായി മാറി.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ റിസ്കുള്ള ആസ്തികളിൽനിന്ന് വിദേശ സ്ഥാപനങ്ങൾ നിക്ഷേപം പിൻവലിച്ച് സ്വർണംപോലുള്ള സുരക്ഷിത ആസ്തികളിലേയ്ക്ക് മാറുന്ന സാഹചര്യമാണുള്ളത്. ഡിമാൻഡ് കൂടുന്നതോടെ സമീപഭാവിയിൽ സ്വർണവിലയിലെ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.