യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഇന്ന് മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.ആദ്യ വിമാനം രാവിലെ 9.30ന് ഡെൽഹിയിൽ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെൽഹിയിൽ നിന്ന് പുറപ്പെടും.
കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്കും കാസർഗോട്ടേക്കും ബസ് സർവീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാൻ വനിതകളടക്കമള്ള നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ടീമുകൾ പ്രവർത്തനനിരതമാണ്.
അതേസമയം, യുക്രൈൻ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് പുലർച്ചെ എത്തി. ആദ്യ വിമാനത്തിൽ 200 യാത്രക്കാരും രണ്ടാം വിമാനത്തിൽ 220 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്നാം വിമാനത്തിൽ 208 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. അടുത്ത 24 മണിക്കൂറിൽ 15 രക്ഷാദൗത്യ വിമാനങ്ങൾ കൂടി സർവീസ് നടത്തും. ഹംഗറിയിൽ നിന്നും റൊമേനിയയിൽ നിന്നുമാണ് ഈ വിമാനങ്ങളെത്തുക. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി സി 17 വിമാനങ്ങളാണ് യുക്രൈനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സർവീസ് നടത്തുന്നത്.