ചുട്ടുപൊള്ളി പാലക്കാട് ജില്ല

March 4, 2022
118
Views

മാർച്ച് തുടങ്ങിയപ്പോഴേക്കും പാലക്കാട് ജില്ല പൊള്ളിത്തുടങ്ങി. നാൽപത് ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില. ഇടമഴ ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ താപനില ഏതുവിധമാകുമെന്നാണ് കണ്ടറിയേണ്ടത്. ചൂടുകനക്കുന്ന സാഹചര്യത്തിൽ തൊഴിൽസമയം ക്രമീകരിക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.

മാർച്ച് എത്തിയപ്പോഴേക്കും ചൂട് നാൽപത് ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ് പാലക്കാട്. മുണ്ടൂർ ഐആർടിസിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനിലയാണിത്. കഴിഞ്ഞ വർഷത്തിലേതിന് സമാനമാണ് താപനില. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ ഇടമഴ പെയ്തതിനെ തുടർന്ന് നാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസിലെത്തിയ താപ നിലയിൽ നേരിയ കുറവുണ്ടായിരുന്നു.

ഇത്തവണയും പ്രതീക്ഷ ഇടമഴയിലാണ്. ജില്ലയിലെ ജലാശയങ്ങളിലെല്ലാം ഇപ്പോൾ തന്നെ വരൾച്ച പ്രകടമായി തുടങ്ങി. ഭാരതപ്പുഴയടക്കമുള്ള പ്രധാന നദികളിലെല്ലാം ചെറു തടയിണകളോട് ചേർന്നുള്ള ഇടങ്ങളിൽ മാത്രമാണ് വെള്ളമുള്ളത്. ചിലയിടങ്ങളിലെല്ലാം നീരൊഴുക്ക് നിലച്ചിട്ടുണ്ട്. ചൂടിനൊപ്പം പാലക്കാട് ആശങ്കയുമേറുന്നുണ്ട്.ചൂട് കനക്കുന്ന സാഹചര്യത്തിൽ പുറത്ത് ജോലിചെയ്യുന്നവരുടെ തൊഴിൽസമയം ക്രമീകരിച്ചതായാണ് ജില്ലാ ലേബർ ഓഫീസറുടെ ഉത്തരവ്.
ഏപ്രിൽ 30 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയം വിശ്രമവേളയാക്കണമെന്നാണ് നിർദേശം. തൊഴിലുടമകൾ ഈ നിർദേശം പാലിച്ചില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും നിർദേശമുണ്ട്.

Article Categories:
Health · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *