ക്രിക്കറ്റിൽ പലതവണ വിവാദമായ മങ്കാദിംഗ് ഇനി റണ്ണൗട്ടായി കണക്കാക്കപ്പെടും. ‘ന്യായമല്ലാത്ത കളി’ എന്ന ഗണത്തിൽ പെടുത്തിയിരുന്ന മങ്കാദിംഗിനെയാണ് ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്ന മെറിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) റണ്ണൗട്ടിലേക്ക് മാറ്റിയത്. ഒക്ടോബർ മുതൽ നിയമം നിലവിൽ വരും.
പന്തിനു തിളക്കം കൂട്ടാൻ ഉമ്മിനീർ ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കാനുള്ള ആശയവും എംസിസി മുന്നോട്ടുവച്ചിട്ടുണ്ട്. ഉമിനീർ കൂടുതൽ ഉണ്ടാവാൻ ഗം പോലുള്ളവ കഴിക്കുന്നതും വിലക്കും. പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് പന്തിൽ കൃത്രിമം കാണിക്കുന്ന രീതിയിൽ പരിഗണിക്കും. വിയർപ്പ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഫീൽഡർ ക്യാച്ച് ചെയ്ത് ഒരു താരം ഔട്ടായാൽ തുടർന്ന് ക്രീസിലെത്തുന്ന താരം സ്ട്രൈക്കർ എൻഡിൽ ബാറ്റ് ചെയ്യണം. ക്രോസ് ചെയ്താലും ഇല്ലെങ്കിലും ഇത് ബാധകമാണ്. ഓവറിലെ അവസാന പന്തിൽ പുതിയ താരം നോൺ സ്ട്രൈക്കർ എൻഡിൽ ആവും. ബൗളർ റണ്ണപ്പ് തുടങ്ങുമ്പോൾ സ്ട്രൈക്കർ എവിടെ നിൽക്കുന്നോ അതനുസരിച്ചാവും വൈഡ് വിളിയ്ക്കുക. പന്ത് പിച്ചിനു പുറത്ത് എവിടെപ്പോയാലും പിച്ചിനുള്ളിൽ സ്ട്രൈക്കർക്ക് പന്ത് കളിക്കാം. സ്ട്രൈക്കറുടെ ശരീരത്തിൻ്റെയോ ബാറ്റിൻ്റെയോ കുറച്ച് ഭാഗമെങ്കിലും പിച്ചിനുള്ളിൽ ഉണ്ടാവണം. അതിനു സാധിക്കാത്ത പന്തുകൾ ഡെഡ് ബോൾ ആണ്. പിച്ച് വിടാൻ സ്ട്രൈക്കറെ നിർബന്ധിക്കുന്ന പന്തുകൾ നോ ബോളാണ്. ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ അത് ഡെഡ്ബോൾ ആയാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഇനി മുതൽ ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ ബാറ്റിംഗ് ടീമിന് 5 പെനൽറ്റി റൺസുകൾ നൽകും.