നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സ്ഥലമായിരുന്നു ഉത്തരാഖണ്ഡ്. എന്നാൽ, ഇപ്പോൾ ഇവിടെ ബിജെപി മുന്നേറുകയാണ്. 42 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസ് 24 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പഞ്ചാബ് ഒഴികെ മറ്റ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയാണ് മുന്നിൽ നിൽക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ടുനിൽക്കുന്നത്.
ഉത്തരാഖണ്ഡിൽ ബിജെപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ. 70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. ശക്തമായ പോരാട്ടം നടക്കുമെങ്കിലും ഉത്തരാഖണ്ഡിൽ ബിജെപി തുടരും. രണ്ട് പാർട്ടികളിലും വിമത സ്വരങ്ങളുണ്ടായിരുന്നു. കോൺഗ്രസിൽ ഇത് അല്പം കൂടുതലായിരുന്നു.
4 വാഗ്ധാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. 5 ലക്ഷം കുടുംബങ്ങൾക്ക് വർഷം 40,000 രൂപ വീതം നൽകുന്ന ന്യായ് സ്കീം, 4 ലക്ഷം പേർക്ക് ജോലി, 500 രൂപയിൽ താഴെ ഗ്യാസ് സിലിണ്ടർ, വീട്ടുവാതിൽക്കൽ വൈദ്യ സഹായം എന്നീ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവച്ചത്. ഏകീകൃത സിവിൽ കോഡായിരുന്നു പ്രധാന തെരഞ്ഞെടുപ്പ് വാഗ്ധാനം. ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.