രാജവംശ രാഷ്ട്രീയം തള്ളിക്കളയാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയോട് വോട്ടർമാർ പ്രതികരിച്ചുവെന്ന് ബിജെപി. രാജവംശത്തെ അടിസ്ഥാനമാക്കിയുള്ള മിക്ക പാർട്ടികളെയും ജനം നിരസിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് വിധിയിൽ നിന്നും പാഠം പഠിക്കണമെന്നും ബിജെപി രാജ്യസഭാംഗം വിനയ് സഹസ്രബുദ്ധെ ട്വീറ്റ് ചെയ്തു.
ചില ആളുകൾ നന്നാവില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ട്വീറ്റ് ചെയ്തു. “4 സംസ്ഥാനങ്ങളിൽ ബിജെപി തരംഗമാണ്. ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയാണ് സംഭവിക്കുന്നതെന്നും, പഞ്ചാബിൽ എഎപി വിജയിക്കുന്നത്തോടെ ബദൽ ഭരണത്തിന്റെ വാഗ്ദാനവും, പുതിയ പ്രതീക്ഷ ഉയരുന്നു തുടങ്ങിയ വാദങ്ങളുമായി ചിലർ വരും” സന്തോഷ് ട്വീറ്റിൽ കുറിച്ചു.
“ജാതിത്വം തോറ്റു, ദേശീയത വിജയിച്ചു” പ്രതിപക്ഷത്തിൻ്റെ ജാതി രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം ഇരട്ട എഞ്ചിൻ സർക്കാരുകൾ വിജയിക്കുകയാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ഇരട്ട എഞ്ചിൻ സർക്കാരുകൾ വിജയിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രീണന രാഷ്ട്രീയത്തേക്കാൾ ബിജെപിയുടെ വികസന രാഷ്ട്രീയത്തിൽ വോട്ടർമാർക്ക് വിശ്വാസമുണ്ടെന്നത് വളരെ വ്യക്തമാണ്” രവി ട്വീറ്റ് ചെയ്തു.