മലയാളസിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറയുക. അതേസമയം, മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉടനടി പഠിച്ച് നിയമനിർമാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാൻ നിയമനിർമാണം അത്യാവശ്യമാണെന്നും സജി ചെറിയാൻ വ്യക്തമാക്കുന്നു.