തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പാലോട് രവിയുടെ രാജി തള്ളി കെപിസിസി

February 17, 2024
26
Views

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി.

തിരുവനന്തപുരം : തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജിക്കത്ത് കെപിസിസി നേതൃത്വം തള്ളി.

പാലോട് രാവിയുടെ സേവനം കണക്കിലെടുത്ത് അദ്ദേഹത്തോട് ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിർദ്ദേശം നല്‍കി. പെരിങ്ങമല പഞ്ചായത്ത് ഭരണം നഷ്ടമായതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു പാലോട് രവിയുടെ രാജിപ്രഖ്യാപനം. ഇദ്ദേഹത്തിന്റെ പഞ്ചായത്താണ് പെരിങ്ങമല. ഇവിടെ കോണ്‍ഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേർന്നിരുന്നു. സ്വന്തം പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് പാലോട് രവി രാജിവച്ചത്. കെപിസിസി പ്രസിഡന്റിനാണ് രാജിക്കത്ത് നല്‍കിയത്.

കോണ്‍ഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ട തുടങ്ങിയ പ്രദേശിക പ്രശ്നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തർക്കവുമാണ് പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും പാ‍ർട്ടി വിടാൻ കാരണം. ആറ് അംഗങ്ങളുള്ള കോണ്‍ഗ്രസ്, മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, അംഗങ്ങളായ അൻസാരി, ഷെഹനാസ് എന്നിവരാണ് സിപിഎമ്മില്‍ ചേർന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച്‌ ജില്ലാ സെക്രട്ടറി ഇവരെ സ്വീകരിച്ചു. പാർട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഴിയാത്ത നേതൃത്വമാണ് നിലവില്‍ കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് ഉള്ളതെന്നായിരുന്നു രാജിവച്ചവരുടെ പ്രതികരണം.

മൂന്ന് പേരും പഞ്ചായത്തംഗത്വം രാജിവച്ചതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. ഈ മൂന്ന് വാ‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. സിപിഎമ്മില്‍ ചേർന്നവരെ തന്നെ ഈ വാർഡുകളില്‍ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനം. സിപിഎമ്മില്‍ ഏത് ഘടകങ്ങളില്‍ ഇവർ പ്രവർത്തിക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *