അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുത്; പ്രതിപക്ഷം

March 17, 2022
356
Views

കെഎസ്ആർ ടി സിയെ തകർക്കുന്നതിന് പിന്നിൽ സിൽവർ ലൈൻ അജണ്ടയെന്ന് പ്രതിപക്ഷം. അശ്വത്ഥാമാവെന്ന സിൽവർലൈന് വേണ്ടി ആനവണ്ടിയെ കുത്തി കൊല്ലരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു. കെ- സ്വിഫ്റ്റ് പദ്ധതിയും കെ എസ്ആർടിസിയെ കുളം തോണ്ടുന്നതാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം കെ എസ് ആർ ടി സി സാമ്പത്തിക പ്രതിസന്ധി, നിയമസഭയിൽ ഉന്നയിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും. കേരളത്തിലെ വലിയ പൊതുഗതാഗത സംവിധാനത്തെ നിഷ്ക്രീയമാക്കാൻ ബോധപൂർവം ശ്രമമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

കെ എസ്ആർ ടി സിയുടെ വാർഷിക നഷ്ടം 2000 കോടി രൂപയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഇന്ധനവില വർധനവും കൊവിഡ് സാഹചര്യങ്ങളും പ്രതിസന്ധിയാണ്. കെഎസ്ആർടിസിയെ തിരികെ കൊണ്ടുവരാൻ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെഎസ്ആർടിസിയെ വന്‍ പ്രതിസന്ധിയിലാക്കി പൊതു മേഖല എണ്ണക്കമ്പനികൾ ബള്‍ക്ക് പര്‍ച്ചേഴ്സര്‍ വിഭാഗത്തിനുള്ള ഡീസല്‍ വില കുത്തനെ കൂട്ടി. ലിറ്ററിന് 21.10 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസല്‍ ലിറ്ററിന് 121.35 രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്. നേരത്തെ 7 രൂപ കൂട്ടിയതിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ആശ്വാസം ലഭിച്ചിരുന്നില്ല.

പൊതുഗതാഗത മേഖലയെ തകർക്കുന്നതാണ് കേന്ദ്ര നടപടിയെന്നും ഭീമമായ ബാധ്യത കെഎസ്ആർടിസിക്ക് താങ്ങാനാകില്ലെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. കുത്തക മുതലാളിമാരെ സഹായിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢ നീക്കമാണിതെന്നും മന്ത്രി വിമർശിച്ചു. ഇതിനെതിരെ സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *