വടക്കുപടിഞ്ഞാറൻ തുർക്കിയിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടയിടിച്ച് 30 പേർക്ക് പരുക്കേറ്റു. അങ്കാറ-ഇസ്താംബുൾ മോട്ടോർവേയിലെ മൗണ്ട് ബോലു തുരങ്കപാതയിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർ ഉൾപ്പെടെ 17 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി തുർക്കി ആരോഗ്യ മന്ത്രി ഫഹ്‌റെറ്റിൻ കോക്ക പറഞ്ഞു.
18 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. തുരങ്കത്തിന്റെ ഭിത്തിയിൽ ഇടിച്ച ശേഷം ഒരു കാർ റോഡിന് നടുവിൽ വീഴുന്നത് സുരക്ഷാ ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ വന്ന ഒരു ട്രക്ക് കാറിൽ ഇടിക്കുകയും തുടർന്ന് മറ്റ് വാഹനങ്ങൾ അപകടത്തിൽ പെടുകയുമായിരുന്നു. ഇതോടെ തുർക്കി തലസ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ വാണിജ്യ കേന്ദ്രത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.
കടുന്ന മഞ്ഞുവീഴ്ച, അപകടങ്ങൾ, കൊടും വളവുകൾ എന്നിവയ്ക്ക് പേരുകേട്ട മൗണ്ട് ബോലു പാസിലൂടെ ഗതാഗതം ഡി-100 ഹൈവേയിലേക്ക് തിരിച്ചുവിട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള പൗരന്മാർ ആവശ്യമില്ലെങ്കിൽ ഗതാഗതം ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.