പാകിസ്ഥാന്‍ പിന്‍മാറി? ഏഷ്യാ കപ്പ് ക്രിക്കറ്റ് വീണ്ടും അനിശ്ചിതത്വത്തില്‍

May 2, 2023
17
Views

ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാമബാദ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന പോരിന് പാകിസ്ഥാനാണ് വേദിയാകുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഈ തീരുമാനം ഫലത്തില്‍ പാകിസ്ഥാന്റെ വേദി നഷ്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാക് ബോര്‍ഡ് എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തി ബാക്കിയുള്ള മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്താമെന്ന തീരുമാനം പാക് ബോര്‍ഡ് എടുത്തിരുന്നു. അങ്ങനെ മറ്റൊരു രാജ്യത്തെ വേദി കൂടി പരിഗണിക്കപ്പെടുന്നത് പാകിസ്ഥാന്റെ ആതിഥേയത്വം നഷ്ടമാക്കുമെന്ന നില വന്നതോടെയാണ് അവരുടെ പിന്‍മാറ്റമെന്നും റിപ്പോര്‍ട്ട് പറയുന്നു. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏഷ്യാ കപ്പ് ഉപേക്ഷിക്കപ്പെട്ടാല്‍ ആ ഘട്ടത്തില്‍ ഇന്ത്യ അഞ്ച് രാജ്യങ്ങള്‍ തമ്മിലുള്ള ഏകദിന പരമ്ബര കളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ കളിക്കില്ല.

ഏഷ്യ കപ്പിന്റെ വേദി മാറ്റം മറ്റൊരു നഷ്ടവും പാകിസ്ഥാനെ സംബന്ധിച്ചുണ്ടാക്കും. 2025ലെ ചാമ്ബ്യന്‍സ് ട്രോഫി പോരാട്ടത്തിനും പാകിസ്ഥാനാണ് വേദിയാകുന്നത്. അപ്പോഴും ഇന്ത്യന്‍ ടീമിന്റെ മത്സരം നഷ്പക്ഷ വേദിയിലേക്ക് മാറ്റേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കും. അതിനാല്‍ ഫലത്തില്‍ ചാമ്ബ്യന്‍സ് ട്രോഫി പോരാട്ടത്തിന്റെ ആതിഥേയത്വവും അവര്‍ക്ക് നഷ്ടമാകും.

ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ പരമ്ബരയടക്കമുള്ളവ കളിക്കാന്‍ വര്‍ഷങ്ങളായി പോകാറില്ല. ഏഷ്യാ കപ്പ് നടത്താനുള്ള അവസരം പാകിസ്ഥാന് ലഭിച്ചതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താമെന്ന പരിഹാരമാണ് ടൂര്‍ണമെന്റ് നടക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടത്.

എന്നാല്‍ തുടക്കത്തില്‍ പാക് ബോര്‍ഡ് ഇതിനെതിരായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണികളടക്കം ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ നടത്തി.

എന്നാല്‍ പിന്നീട് ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റൊരു വേദിയിലും ശേഷിക്കുന്നവ പാകിസ്ഥാനിലും എന്ന തീരുമാനത്തിന് പാക് അധികൃതര്‍ പച്ചക്കൊടി വീശി. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തേണ്ടതില്ലെന്ന തീരുമാനമാണ് മുന്നില്‍ നില്‍ക്കുന്നത്.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *