ഫല പ്രഖ്യാപനം: ബംഗളൂരുവിലും മൈസൂരുവിലും നിരോധനാജ്ഞ

May 13, 2023
19
Views

നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച്‌ മുന്‍ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച്‌ മുന്‍ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ശനിയാഴ്ച രാവിലെ ആറുമുതല്‍ അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ. ഈ സമയം മദ്യശാലകള്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. റസ്റ്ററന്റുകളില്‍ മദ്യമൊഴികെയുള്ളവ വിളമ്ബാം.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബംഗളൂരു നഗരത്തില്‍ സി.ആര്‍.പി.എഫ്, ബി.എസ്.എഫ്, കെ.എസ്.ആര്‍.പി, ലോക്കല്‍ പൊലീസ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും രണ്ടു ഡി.സി.പിമാര്‍ വീതം സുരക്ഷ മേല്‍നോട്ടം വഹിക്കും. തെരഞ്ഞെടുപ്പ് കമീഷന്റ വെബ്സൈറ്റില്‍ ലൈവ് വെബ്കാസ്റ്റ് ഉണ്ടാകും. വോട്ടെണ്ണലിന് 4000 ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. പാരാമിലിറ്ററി സേനയടക്കം ഓരോ കേന്ദ്രത്തിലും മൂന്നുഘട്ട സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കുക.

ബംഗളൂരു നഗരത്തില്‍ അഞ്ചിടങ്ങളില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ തുഷാര്‍ ഗിരിനാഥ് അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ 14 നിരീക്ഷകര്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ ദിനത്തില്‍ സ്ഥാനാര്‍ഥിയുടെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം സ്ട്രോങ് റൂം തുറന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരും. വോട്ടെണ്ണല്‍ ദിനത്തില്‍ കണ്‍ട്രോള്‍ യൂണിറ്റ്, സീലുകള്‍, കണ്‍ട്രോള്‍ യൂനിറ്റിന്റെ സീരിയല്‍ നമ്ബര്‍ എന്നിവ വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്ബ് കൗണ്ടിങ് ഏജന്‍റ് പരിശോധിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *