മെയ്ത്തീ– കുക്കി വിഭാഗങ്ങള്‍ തമ്മില്‍ വൻ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വീടും ആക്രമിക്കപ്പെട്ടു.
ന്യൂഡല്‍ഹി
മെയ്ത്തീ– കുക്കി വിഭാഗങ്ങള്‍ തമ്മില്‍ വൻ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പുരില്‍ കേന്ദ്രമന്ത്രിയുടെ വീടും ആക്രമിക്കപ്പെട്ടു.
വ്യാഴം രാത്രി ഇംഫാലിലെ കോങ്ബയിലുള്ള കേന്ദ്ര വിദേശസഹമന്ത്രി ആര്‍ കെ രഞ്ജൻ സിങ്ങിന്റെ വസതി ആക്രമിച്ച ജനക്കൂട്ടം തീവയ്ക്കാനും ശ്രമം നടത്തി. മന്ത്രിയും കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഇറില്‍ബംഗ് പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള വസതിയിലേക്ക് രാത്രി എട്ടോടെ ജനക്കൂട്ടം ഇരച്ചുകയറി. മണിപ്പുര്‍ വനംമന്ത്രി ബിശ്വജിത് സിങ്ങിന്റെ തോങ്ജു കിറ്റ്ന പനുങ്ങിലുള്ള വസതി വ്യാഴാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ബുധനാഴ്ച പൊതുമരാമത്ത് മന്ത്രി കോന്തൗജം ഗോവിന്ദാസിന്റെ ബിഷ്ണുപുരിലെ വസതിയും തകര്‍ത്തു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായാണ് ജനകീയരോഷമുയര്ന്നത്.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കടങ്ബന്ദ് മേഖലയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടുവെന്നും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കിഴക്ക് -പടിഞ്ഞാറ് മണിപ്പുരില്‍ രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ കര്‍ഫ്യൂ ഇളവ് നല്‍കി. വെള്ളി വൈകിട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി എൻ ബീരേൻസിങ് ജനപ്രതിനിധികള്‍ അടക്കം ആരെയും ലക്ഷ്യംവച്ച് ആക്രമിക്കരുതെന്ന് അഭ്യര്‍ഥിച്ചു. സായുധ സേനകളില്‍നിന്ന് തട്ടിയെടുത്ത ആയുധങ്ങള്‍ ഉടൻ തിരിച്ചേല്‍പ്പിക്കണമെന്നും അഭ്യര്ഥിച്ചു. മെയ് മൂന്നിന് അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പൊലീസിന്റെ ആയുധപ്പുരയില്‍നിന്ന് 1041 തോക്കും 7460 വെടിയുണ്ടയും കൊള്ളയടിച്ചു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പുരിലെത്തും.
തോക്ക് അപേക്ഷകര് ഏറി
കലാപം തുടരുന്ന മണിപ്പുരില് തോക്ക് ലൈസൻസ് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരുടെ എണ്ണമേറിയെന്ന് റിപ്പോര്ട്ട്. മാസത്തില്‍ ശരാശരി അമ്ബതില് താഴെ അപേക്ഷ ലഭിക്കുന്ന ഓഫീസില് ഈ മാസം മുന്നൂറെങ്കിലും ലഭിച്ചെന്ന് ഇംഫാല്‍ വെസ്റ്റിലെ ഡെപ്യൂട്ടി കമീഷണര്‍ കിരണ്‍കുമാര്‍ പറഞ്ഞു. കലാപമുണ്ടായശേഷം പുതിയ തോക്ക് ലൈസൻസ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.