തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യു.എസ് കോടതിയുടെ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയൻ ബിസിനസുകാരൻ തഹാവൂര്‍ റാണ.
നിലവില്‍ യു.എസിന്റെ കസ്റ്റഡിയിലുള്ള റാണയെ ഇന്ത്യക്ക് കൈമാറാൻ കഴിഞ്ഞ മാസമാണ് കാലിഫോര്‍ണിയയിലെ കോടതി ഉത്തരവിട്ടത്
വാഷിംഗ്ടണ്‍ : തന്നെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യു.എസ് കോടതിയുടെ ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാനി – കനേഡിയൻ ബിസിനസുകാരൻ തഹാവൂര്‍ റാണ.
നിലവില്‍ യു.എസിന്റെ കസ്റ്റഡിയിലുള്ള റാണയെ ഇന്ത്യക്ക് കൈമാറാൻ കഴിഞ്ഞ മാസമാണ് കാലിഫോര്‍ണിയയിലെ കോടതി ഉത്തരവിട്ടത്. റാണയെ കൈമാറുന്നത് അമേരിക്ക – ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്ബടിയില്‍ ലംഘനമുണ്ടാക്കുന്നതാണെന്നും റാണയ്ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് അഭിഭാഷകന്റെ വാദം. കൈമാറാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും റാണയെ മോചിപ്പിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഡെൻമാര്ക്കില് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒരു കേസിലും ലഷ്കര്‍ ഭീകരര്‍ക്ക് സഹായം നല്കിയ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റാണയെ 2013ല്‍ ഷിക്കാഗോ കോടതി 14 വര്‍ഷം തടവിന് വിധിച്ചിരുന്നു.
മുംബയ് ഭീകരാക്രമണത്തിലെ പങ്ക് തെളിയാത്തതിനാല്‍ ആ കേസില്‍ ഇയാള്‍ക്ക് യു.എസ് കോടതി ശിക്ഷ നല്‍കിയില്ല. 2020 ജൂണില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ഇയാളെ ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
റാണയും യു.എസ് ഭീകരൻ ഡേവിഡ് ഹെഡ്ലിയും ലഷ്കറെ ത്വയ്ബ അടക്കമുള്ള പാക് ഭീകര സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് മുംബയ് ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. പാക് വംശജനായ ഹെഡ്ലി നിലവില്‍ അമേരിക്കൻ ജയിലിലാണ്.