ആഴക്കടല്‍ മത്സ്യബന്ധന നിരോധനം തുടങ്ങിയതിന്റെ ആദ്യ ദിനം വാടി കടപ്പുറത്ത് ചാള ചാകര.
കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന നിരോധനം തുടങ്ങിയതിന്റെ ആദ്യ ദിനം വാടി കടപ്പുറത്ത് ചാള ചാകര.വെള്ളി രാത്രി മത്സ്യബന്ധനത്തിന് വള്ളത്തില്‍ പോയ തൊഴിലാളികള്‍ക്കെല്ലാം ആവശ്യത്തിന് നെയ് ചാള ഇന്നലെ ലഭിച്ചു.
ബോട്ടുകള്‍ക്ക് നിരോധനം ഉണ്ടായതിനാല്‍ നൂറു കണക്കിന് വള്ളങ്ങളാണ് വാടിയില്‍ നിന്ന് മീൻ പിടിക്കാൻ പോയത്. ഒരു കിലോഗ്രാം ചാള ആദ്യം 75 രൂപയ്ക്ക് വിറ്റുപോയെങ്കിലും പിന്നീട് 50 രൂപ വരെയായി താഴ്ന്നു. വാങ്ങിക്കാനും വൻ തിരക്കായിരുന്നു. വില്പനക്കാര് ദൂരസ്ഥലങ്ങളില്‍ നിന്നു പോലും വാടിയില്‍ എത്തി.
വൈകുന്നേരം ആറുവരെ എത്തിയ വള്ളങ്ങള്‍ക്കും ആവശ്യത്തിന് ചാള ലഭിച്ചു. ഒടുവില്‍ 100 രൂപയ്ക്ക് ഒരു കിറ്റ് ചാള വരെ വിറ്റഴിച്ചു.
വള്ളത്തില്‍ പോയ തൊഴിലാളികള്‍ക്ക് ചാള കൂടാതെ നെത്തോലി, കാരല്‍, പരവ തുടങ്ങിയ മീനുകളും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ലഭിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന നിരോധനം കാരണം തൊഴില്‍ നഷ്ടപ്പെട്ട ബോട്ടിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയി തുടങ്ങി. അന്യ സംസ്ഥാന തൊഴിലാളികള്‍ നിരവധി പേര് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വള്ളത്തില്‍ മീൻ പിടിക്കാൻ പോകുന്നുണ്ട്.
ഇന്നലെ കാലാവസ്ഥ അനുകൂലമായതാണ് കാര്യമായി മീൻ കിട്ടാൻ കാരണമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് അവരുടെ പ്രതീക്ഷ.
ചവറ : ട്രോളിംഗ് നിരോധനം തുടങ്ങി ആദ്യദിനത്തില്‍ വള്ളങ്ങള്‍ കൊണ്ടുവന്നത് മത്തിയും ചൂടയും. ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മീനുകള്‍ക്ക് വിലയും വര്‍ധിച്ചു.
മത്തിയ്ക്ക് ഇന്നലെ കിലോയ്ക്ക് 140 രൂപ വില ലഭ്യമായി. ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുൻപ് കിലോയ്ക്ക് 80നും 90നും രൂപയ്ക്ക് ഇടയില്‍ വിലയായിരുന്നു. ചൂടയ്ക്ക് ഇന്നലെ 90 രൂപ വില ലഭ്യമായി. കഴിഞ്ഞ ദിവസത്തെക്കാള്‍ 20 രൂപ വര്‍ധന. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് നീണ്ടകര ഹാര്‍ബറില്‍ നിന്നും ഇന്നലെ 60 ശതമാനത്തിന് താഴെ വള്ളങ്ങള്‍ ആണ് കടലില്‍ മത്സ്യബന്ധനത്തിനായി പോയത്. വള്ളങ്ങള്‍ക്ക് കൂടുതല്‍ മത്സ്യങ്ങള്‍ ലഭ്യമായാല്‍ വില കുറയുമെന്ന വിലയിരുത്തലാണ് ഈ മേഖലയിലുള്ളവര്ക്കുള്ളത് .