കോഴിക്കോട് തളി ക്ഷേത്രക്കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയില്‍.
കോഴിക്കോട് തളി ക്ഷേത്രക്കുളത്തില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിലയില്‍. ഇന്ന് രാവിലെ സുരക്ഷാ ജീവനക്കാരാണ് മീനുകള്‍ ചത്തുപൊങ്ങിയത് കണ്ടത്.
ഉച്ചയോടെ കൂടുതല്‍ മീനുകള്‍ ചത്തുപൊങ്ങി. കാരണം വ്യക്തമല്ല. ഓടയില്‍ നിന്ന് വിഷജലം ഒലിച്ചിറങ്ങിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. മറ്റെന്തെങ്കിലും അട്ടിമറി സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കസബ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടാകുന്നതെന്ന് സുരക്ഷാ ജീവനക്കാര്‍ പറയുന്നു. രാവിലെ ഏഴുമണിക്കാണ് സുരക്ഷാ ജീവനക്കാരൻ മീൻ ചത്തുപൊങ്ങിയത് കണ്ടത്. കുളത്തിലെ മീനുകളും ചത്ത മീനുകളുടെ സാംപിളുകളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ക്ഷേത്രക്കുളത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം കുറച്ച് മാസങ്ങള്‍ക്ക് മുൻപ് നിരോധിച്ചിരുന്നു.
തളിയമ്ബലം എന്നറിയപ്പെടുന്ന കോഴിക്കോട് തളി മഹാദേവ ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. സാമൂതിപ്പാടിന്റെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇത് ഏറെ പുരാതനമാണ്. ശിവക്ഷേത്രം കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രവും ഇവിടെയുണ്ട്. പരശുരാമന് ഇവിടെ ശിവനെ ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം. പരശുരാമന് സ്ഥാപിച്ച നാലു തളിക്ഷേത്രങ്ങളില്‍ ഒന്നാമതുള്ള ഇവിടുത്തെ ഗണപതിയെ നാറാണത്ത് ഭ്രാന്തന് പ്രതിഷ്ഠിച്ചതാണെന്നും വിശ്വാസമുണ്ട്. രണ്ടുകൊടിമരമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.