എ.ഐ കാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങളില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്.
എ.ഐ കാമറകള്‍ പിടികൂടുന്ന നിയമലംഘനങ്ങളില്‍ കൂടുതലും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 7896 കേസുകളാണ് കാറിലെ മുൻസീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിടികൂടിയത്.
ഇതിന് പുറമേ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 4,993 ആണ്. സീറ്റ് ബെല്‍റ്റില്ലാത്തതിന് ആകെ കാമറ പിടിച്ചത് 12,889 കേസുകളാണ്. ഹെല്‍മറ്റ് ധരിക്കാത്തതിന് 6,153 ഇരുചക്രവാഹന യാത്രികര്‍ക്കും പിഴ ചുമത്തി.ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് 71 കേസെടുത്തു. ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്തതിന് മൂന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 25ഉം അമിതവേഗത്തിന് രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
56 സര്‍ക്കാര്‍ വാഹനങ്ങളും വി.ഐ.പി വാഹനങ്ങളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 10 വാഹനങ്ങള്‍ക്ക് ചല്ലാൻ അയച്ചു. അപ്പീല്‍ നല്‍കാൻ അവസരം നല്‍കിയതോടെ പരാതികളുമായി എത്തുന്നവരുടെ എണ്ണവും കുറവല്ല. സീറ്റ് ബെല്‍റ്റിലാണ് പരാതികള്‍ ഏറെയും. ഹെല്‍മറ്റിലെ പിഴക്ക് കാര്യമായ ആക്ഷേപങ്ങളുയര്‍ന്നിട്ടില്ല.