തെരുവുനായുടെ ആക്രമണത്തില്‍ മരണത്തിന് കീഴടങ്ങിയ നിഹാലില്ലാത്ത വീട്ടിലേക്ക് പിതാവ് ഗള്‍ഫില്‍ നിന്നെത്തി.
മുഴപ്പിലങ്ങാട് (കണ്ണൂര്‍): തെരുവുനായുടെ ആക്രമണത്തില്‍ മരണത്തിന് കീഴടങ്ങിയ നിഹാലില്ലാത്ത വീട്ടിലേക്ക് പിതാവ് ഗള്‍ഫില്‍ നിന്നെത്തി.
പ്രവാസിയായി ബഹ്റൈനില്‍ ജോലി ചെയ്തുവരുന്ന പിതാവ് നൗഷാദിന് മകൻ നിഹാലിനെ ഒരുനോക്ക് അവസാനമായി കാണാനായിരുന്നില്ല. മകന്റെ വിയോഗവാര്‍ത്ത അറിഞ്ഞയുടൻ പിതാവ് നാട്ടിലേക്ക് വരാൻ ശ്രമിച്ചിരുന്നെങ്കിലും ഫ്ലൈറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലെത്താൻ വൈകുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് പിതാവ് നൗഷാദ് നാട്ടിലെത്തിയത്.
വീട്ടില്‍ കയറാതെ നേരെ പോയത് മകനെ ഖബറടക്കിയ എടക്കാട് മണപ്പുറം പള്ളിയിലെ ഖബര്‍സ്ഥാനിലേക്കായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ ഞെട്ടലില്‍ എല്ലാംമറന്ന് അദ്ദേഹം മകനുവേണ്ടി കണ്ണീരണിഞ്ഞ് പ്രാര്‍ഥിച്ചു. നിഹാലിന്റെ വീടായ ദാറുല്‍ റഹ്മയില്‍ ചൊവ്വാഴ്ചയും സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു.
പിതാവിനെ നേരില്‍കണ്ട് അനുശോചനം അറിയിക്കാനും ആശ്വസിപ്പിക്കാനും രാഷ്ട്രീയ- സാമൂഹിക മേഖലകളിലുള്ളവരും നാട്ടുകാരുമുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്.
ഞായറാഴ്ചയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിഹാല്‍ മരിച്ചത്. ഒന്നുറക്കെ കരയാൻ പോലുമാകാതെ മരണത്തിന് കീഴടങ്ങിയ നിഹാലിനെ കുറിച്ച് പറയുമ്ബോള്‍ നാട്ടുകാര്‍ക്കും ധര്‍മ്മടം ജേസീസ് സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം നൂറുനാവാണ്. ഓട്ടിസം ബാധിച്ച് സംസാരശേഷി നഷ്ടമായെങ്കിലും കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സാധാരണ കുട്ടി വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ അയല്‍വീടുകളിലേക്ക് പോകാറുണ്ടായിരുന്നു. അയല്‍വീടുകളില്‍ അന്വേഷിച്ചിട്ടും കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങളും പ്രദേശവാസികളും കെട്ടിനകം പള്ളിക്കടുത്ത് വീട്ടില്‍നിന്നും 300 മീറ്ററുകള്‍ക്കപ്പുറം ആളൊഴിഞ്ഞ വീട്ടുപറമ്ബില്‍ തിരഞ്ഞെത്തിയപ്പോഴാണ് ചോരയില്‍കുളിച്ച് നിഹാലിനെ കണ്ടെത്തിയത്.
ഒരു നിമിഷം മാത്രമേ ആ രംഗം കണ്ടുനില്‍ക്കാനായുള്ളുവെന്നാണ് തിരച്ചില്‍ നടത്തിയവര്‍ പറഞ്ഞത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി തിങ്കളാഴ്ച ഉച്ചയോടെ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ തെരുവുനായ ആക്രമണത്തില്‍ ഒരു ജീവൻ നഷ്ടമായതിന്റെ പ്രതിഷേധം എല്ലാവരുടെ കണ്ണിലുമുണ്ടായിരുന്നു. അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെയും പരാതികളുടെയും സങ്കടത്തിന്റെയും കെട്ടുകഴിച്ചു. മന്ത്രി വി.എൻ. വാസവനും രാമചന്ദ്രൻ കടന്നപ്പള്ളി എം.എല്‍.എയും അടക്കമുള്ളവരോടും പ്രദേശവാസികള്‍ ദുരവസ്ഥ വിവരിച്ചു.