ഹനുമാന്‍ കുരങ്ങ് താനെ ഇറങ്ങിവരും’; മയക്കുവെടി വയ്ക്കില്ലെന്ന് ചിഞ്ചുറാണി

June 15, 2023
37
Views

മൃഗശാലയില്‍ നിന്ന് ചാടിപ്പോയി തിരിച്ചെത്തിയ ഹനുമാന്‍ കുരങ്ങിനെ മയക്കുവെടി വയ്ക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി.

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയി തിരിച്ചെത്തിയ ഹനുമാന്‍ കുരങ്ങിനെ മയക്കുവെടി വയ്ക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി.

കുരങ്ങ് സ്വയം മരത്തില്‍ നിന്ന് ഇറങ്ങുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൃഗശാലയില്‍നിന്ന് പുറത്തു ചാടിയ ഹനുമാന്‍കുരങ്ങ് മൃഗശാലാ കോമ്ബൗണ്ടില്‍ ഇന്നലെ തിരിച്ചെത്തിയിരുന്നു. മൃഗശാലയുടെ ഉള്ളില്‍ തന്നെയുണ്ടെങ്കിലും കുരങ്ങ് കൂട്ടില്‍ കയറിയിട്ടില്ല.

‘ഹനുമാന്‍ കുരങ്ങിന് പ്രദേശവുമായി ബന്ധം വേണം. തുറന്നിട്ടാണ് അവയെ വളര്‍ത്തേണ്ടത്. ക്വാറന്റൈന്‍ നിബന്ധനകള്‍ ഉള്ളതിനാലാണ് അവയെ കൂട്ടിലടച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കുറച്ച്‌ സമയം തുറന്നുവിട്ട സമയത്താണ് പെണ്‍ കുരങ്ങ് ഓടിപ്പോയത്. ജോഡി ഇവിടെയുള്ളതിനാല്‍ നന്തന്‍കോട് പ്രദേശത്തൊക്കെ കറങ്ങി തിരിച്ച്‌ ഇവിടെ തന്നെ എത്തിയിട്ടുണ്ട്. ഇവിടെ സുരക്ഷിതമായി ഇരിക്കുകയാണ്. അതിനെ മയക്കുവെടി വെക്കേണ്ടതില്ല. ആഹാരങ്ങള്‍ എല്ലാം നല്‍കുന്നുണ്ട്. അത് തനിയെ താഴെ ഇറങ്ങിവരും. ഇവിടെ നിന്ന് എങ്ങും പോകില്ല’- മന്ത്രി പറഞ്ഞു.

മൃഗശാലാ ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് കുരങ്ങ് മൃഗശാലയില്‍ തിരിച്ചെത്തിയതായി കണ്ടെത്തിയത്. കുരങ്ങിനെ നിരീക്ഷിക്കാനായി ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ പുതുതായെത്തിയ സിംഹങ്ങളെയും ഹനുമാന്‍ കുരങ്ങുകളെയും പ്രദര്‍ശനത്തിനായി തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് തിരുപ്പതിയില്‍നിന്നും പുതുതായി കൊണ്ടുവന്ന ഒരു ജോഡി ഹനുമാന്‍കുരങ്ങുകളിലെ പെണ്‍കുരങ്ങ് കോമ്ബൗണ്ടിന് പുറത്തേക്ക് ചാടിപ്പോയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *