മൃഗശാലയില്‍നിന്നു ചാടിപ്പോയി മടങ്ങിയെത്തിയ ഹനുമാന്‍ കുരങ്ങ് കൂറ്റന്‍ ആഞ്ഞിലി മരത്തില്‍.
തിരുവനന്തപുരം: മൃഗശാലയില്‍നിന്നു ചാടിപ്പോയി മടങ്ങിയെത്തിയ ഹനുമാന്‍ കുരങ്ങ് കൂറ്റന്‍ ആഞ്ഞിലി മരത്തില്‍.
സ്വയം ഇറങ്ങിവരുന്നതു കാത്ത് തിരുവനന്തപുരം മൃഗശാലാ അധികൃതര്‍.
തിരുപ്പതിയില്‍നിന്നു കൊണ്ടുവന്ന ഒരു ജോഡി ഹനുമാന്‍കുരങ്ങുകളില്‍ പെണ്‍കുരങ്ങ് ചൊവ്വാഴ്‌ച വൈകിട്ടാണ് വളപ്പിനു പുറത്തേക്ക് ചാടിപ്പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയെങ്കിലും കൂട്ടില്‍ കയറിയില്ല. മരത്തില്‍ കഴിയുന്ന കുരങ്ങിനെ നിരീക്ഷിക്കാന്‍ ജീവനക്കാരെ സജ്‌ജമാക്കിയിരിക്കുകയാണ് മൃഗശാല.
കുരങ്ങിനെ മയക്കുവെടി വയ്‌ക്കില്ലെന്ന് ഇന്നലെ മൃഗശാലയില്‍ എത്തിയ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഹനുമാന്‍ കുരങ്ങിനു പ്രദേശവുമായി ബന്ധം വേണം. തുറന്നിട്ടാണ് അവയെ വളര്‍ത്തേണ്ടത്. ക്വാറന്റൈന്‍ നിബന്ധനകള്‍ ഉള്ളതിനാലാണ് കൂട്ടിലടച്ചത്. ആഹാരങ്ങള്‍ നല്‍കുന്നുണ്ട്. തനിയെ താഴെ ഇറങ്ങിവരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്‌ചക്കാര്‍ക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. പെണ്‍സിംഹത്തിനു നൈല എന്നും ആണ്‍സിംഹത്തിന് ലിയോ എന്നും പേരിട്ടത് മന്ത്രി ചിഞ്ചുറാണിയാണ്.
രണ്ടു മാസത്തിനകം കൂടുതല്‍ ഹനുമാന്‍ കുരങ്ങുകളെ എത്തിക്കുമെന്നു മന്ത്രി പറഞ്ഞു. അമേരിക്കന്‍ കടുവ, സീബ്ര തുടങ്ങിയവയേയും എത്തിക്കും. കൂടുതല്‍ മൃഗങ്ങളെ കൊണ്ടുവരുന്നതിനു കേന്ദ്ര മൃഗസംരക്ഷണ വിഭാഗത്തിന്റെ അനുമതി കിട്ടിയെന്നും മന്ത്രി പറഞ്ഞു.