അവയവദാന തട്ടിപ്പ് കേസ്: എബിന്റെ ദേഹത്ത് 53 സെമി നീളമുള്ള മുറിവ്

June 17, 2023
36
Views

അവയവദാന തട്ടിപ്പ് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നടന്നത് പോലീസും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി.

എറണാകുളം: അവയവദാന തട്ടിപ്പ് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ നടന്നത് പോലീസും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളി.

തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ച കോതമംഗലം എസ് ഐ. പി കെ. ശിവൻ കേസിലെ സുപ്രധാന ആരോപണങ്ങളൊന്നും പരിശോധിച്ചിരുന്നില്ല. അപകടം പറ്റിയ എബിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കോതമംഗലം സി ഐ ആലുവ റുറല്‍ എസ് പിക്ക് സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ളത്.

ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജൻ ഡോ. ബി വേണുഗോപാല്‍, ലേക്ഷോറില്‍ എബിനെ ചികിത്സിച്ച ഡോ. സജി പി അഗസ്റ്റിൻ, ഡോ. സായി സുദര്‍ശൻ, എബിനെ ആദ്യം ചികിത്സിച്ച കോതമംഗലം മാര്‍ ബേസിലിയോസ് ആശുപ്പത്രിയിലെ ഡോ. പി കെ ഏലിയാസ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലീസ് സര്‍ജൻ ഡോ. പി എസ് സഞ്ജയൻ എന്നിവരുടെ മൊഴി എടുക്കാൻ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ തയ്യാറായില്ല.

എബിന്റെ ദേഹത്തു 53 സെമി നീളമുള്ള മുറിവ് എങ്ങിനെ സംഭവിച്ചുവെന്ന ചോദ്യം ആദ്യം ഉന്നയിച്ചത് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലീസ് സര്‍ജനാണ്. മുറിവ് അവയവദാനത്തിന്റെ ഭാഗമായുണ്ടായതാണെന്ന് വിശദീകരണം ലഭിച്ചപ്പോള്‍ ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ഡോക്ടറെ അറിയിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യവും പോലീസ് സര്‍ജൻ ഉന്നയിച്ചിരുന്നു. കൂടാതെ അവയവങ്ങള്‍ നീക്കം ചെയ്തപ്പോള്‍ എബിന്റെ ഹൃദയത്തിനും മുറിവേറ്റിരുന്നു. പോലീസ് സര്‍ജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ എബിനെ ചികിത്സിച്ച ഡോ. ബി വേണുഗോപാലിനെതിരെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് കേസ് എടുക്കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *