മികച്ച ശമ്ബളവും അവസരവും തേടി കേരളത്തില്‍ നിന്ന് നഴ്സുമാര്‍
റാങ്ക് ലിസ്റ്റില്‍ 7000
നിയമിച്ചത് 479 പേരെ
തിരുവനന്തപുരം: മികച്ച ശമ്ബളവും അവസരവും തേടി കേരളത്തില്‍ നിന്ന് നഴ്സുമാര്‍ വിദേശരാജ്യങ്ങളിലേക്കടക്കം പോകാൻ നിര്‍ബന്ധിതമാകുമ്ബോഴും സര്‍ക്കാര്‍ ആശുപത്രികളിലെ അവസരം നിഷേധിച്ച് ആരോഗ്യവകുപ്പ്.
നഴ്സിംഗ് ഓഫീസര്‍ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് രണ്ടു വര്‍ഷമാകുമ്ബോള്‍ നിയമനം നടന്നത് 10 ശതമാനത്തില്‍ താഴെ മാത്രം.
ആശുപത്രികളില്‍ നിരവധി ഒഴിവുകളുണ്ടെങ്കിലും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാൻ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ തയ്യാറാകുന്നില്ല. പ്രോമോഷനുകള്‍ സമയബന്ധിതമായി നടത്താത്തതിനാല്‍ പുതിയ ഒഴിവുകളും ഉണ്ടാകുന്നില്ല. മുൻപ് നടന്ന 200 പ്രമോഷനുകളിലൂടെ ഉണ്ടായ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പകരം താത്കാലിക നിയമനങ്ങള്‍ നടത്തുന്നു.
2021 ആഗസ്റ്റില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റിലുള്ളത് 7,000 ലധികംപേരാണ്. എന്നാല്‍, 14 ജില്ലകളിലായി നടന്നത് 479 നിയമനങ്ങള്‍ മാത്രം. ഇടുക്കി, വയനാട് ജില്ലകളില്‍ വിരലിലെണ്ണാവുന്ന നിയമനമേ നടന്നിട്ടുള്ളൂ. നിയമനം നടക്കാത്തതിന് സാമ്ബത്തിക പ്രതിസന്ധിയും കാരണമായി പറയുന്നുണ്ട്. 2024 ഡിസംബര്‍വരെ ലിസ്റ്റിന് കാലാവധിയുണ്ട്. അതിനിടെ കുറച്ച് ഒഴിവുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ.
രോഗികളുടെ എണ്ണക്കൂടുതല്‍ കാരണം മതിയായ പരിചരണം നല്‍കാനാവുന്നില്ലെന്ന പരാതി വ്യാപകമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷൻ, എം.എല്‍.എസ്.പി കേന്ദ്ര പദ്ധതികള്‍ വഴി താത്കാലികമായി നിയമിച്ച നഴ്സുമാരുള്ളതിനാലാണ് പലയിടത്തും ആശുപത്രി പ്രവര്‍ത്തനം മുടങ്ങാത്തത്.
പ്രൊമോഷൻ നടത്തിയാല്‍ 1200 ഒഴിവുകള്‍
ഗ്രേഡ് 2 കേഡറില്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് ഗ്രേഡ് വണ്ണിലേക്ക് പ്രൊമോഷൻ നല്‍കിയാലെ ഒഴിവുകളുണ്ടാകൂ. ഇത് സമയബന്ധിതമായി നടക്കുന്നില്ല. ഇപ്പോള്‍ പ്രൊമോഷൻ നടത്തിയാല്‍ 1000 -1200 ഒഴിവുകളുണ്ടാകും. നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് 2 ശമ്ബള സ്കെയില്‍ 39,400- 83,000. ഗ്രേഡ് വണ്ണില്‍ നിന്ന് ഹെഡ് നഴ്സുമാരായി പ്രൊമോഷൻ നടക്കുന്നുണ്ട്.
100 രോഗികള്‍ക്ക് ഒരു നഴ്സ് മാത്രം
1. സര്‍ക്കാര്‍ ആശുപത്രികളില്‍ 1961ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും
2.വാര്‍ഡുകളില്‍ നാല് രോഗികള്‍ക്ക് ഒരു നഴ്സ് വേണമെന്നാണ് ചട്ടം
3.നിലവില്‍ 100 രോഗികള്‍ക്ക് ഒരു നഴ്സ് മാത്രം
4.ഐ.സി.യുവില്‍ ഒരു രോഗിക്ക് ഒരു നഴ്സ് എന്നത് നിലവില്‍ സാദ്ധ്യമല്ല
ജില്ലാ അടിസ്ഥാനത്തില്‍
നിയമനം ഇതുവരെ
തിരുവനന്തപുരം- 67
കൊല്ലം- 15
പത്തനംതിട്ട-13
ആലപ്പുഴ -54
കോട്ടയം -27
ഇടുക്കി – 8
എറണാകുളം -98
തൃശൂര്‍ – 58
പാലക്കാട് – 38
വയനാട് – 6
കോഴിക്കോട്-13
മലപ്പുറം – 25
കണ്ണൂര്‍ -30
കാസര്‍കോട് – 27
റേഷ്യോ പ്രൊമോഷൻ കഴിഞ്ഞ ഏഴുവര്‍ഷമായി നടത്താത്തതിനാല്‍ നഴ്സ് മേഖലയില്‍ നിയമന നിരോധനമാണ്.
-എസ്.എം.അനസ്
ജനറല്‍സെക്രട്ടറി,
കേരള ഗവ.നഴ്സസ് യൂണിയൻ
റാങ്ക് ലിസ്റ്റിന് ഇനിയും ഒരുവര്‍ഷത്തിലേറെ കാലാവധിയുണ്ട്. മുൻകാലങ്ങളിലെപോലെ എല്ലാ ഒഴിവുകളിലേക്കും നിയമനം നടക്കും.
-സി.സുബ്രഹ്മണ്യൻ,
ജനറല്‍ സെക്രട്ടറി,
കേരള ഗവ.നഴ്സസ് അസോസിയേഷൻ