തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ ഓറോ നഗരത്തില്‍ നിഗൂഢ ജീവിയായ ‘ചുപകാബ്ര’യെ കണ്ടതായി പ്രചാരണം.
ലാ പാസ് : തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ ഓറോ നഗരത്തില്‍ നിഗൂഢ ജീവിയായ ‘ചുപകാബ്ര’യെ കണ്ടതായി പ്രചാരണം.
ഈ മാസം ആദ്യം ഡ്രോണ്‍ വഴി പകര്‍ത്തിയതെന്ന് പറയപ്പെടുന്ന രണ്ട് കാലുള്ള ഒരു ജീവിയുടെ അവ്യക്ത ചിത്രമാണ് ചുപകാബ്രയുടേതായി പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല.
ഇവിടെ ഡസൻകണക്കിന് പശുക്കളെയും ലാമകളെയും അല്പാകകളെയും ചത്തനിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ജീവിയുടെ ചിത്രം പകര്‍ത്തിയത്. ചത്ത ജീവികളുടെയെല്ലാ ശരീരത്തില്‍ നിന്ന് രക്തം ഊറ്റിയെടുത്ത നിലയിലാണ്. ഇവ എങ്ങനെയാണ് ചത്തതെന്ന് വ്യക്തമല്ല.
അതേ സമയം, കഴിഞ്ഞാഴ്ച തെക്കൻ ഗ്വാട്ടിമാലയിലെ ചിമാല്റ്റെനാൻഗോ മുനിസിപ്പാലിറ്റിയില്‍ കോഴികളെയും താറാവുകളെയും ടര്‍ക്കികളെയും കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിലും ചുപകാബ്രയാണെന്നാണ് പ്രചാരണം. ഇവയുടെ ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെട്ട നിലയിലാണ്.
ചെന്നായയോട് സാമ്യമുള്ള പൂച്ചയുടേത് പോലെ തോന്നിക്കുന്ന ശബ്ദമുള്ള ഒരു ജീവിയെ ഇവിടെ രാത്രി കണ്ടതായി ചിലര്‍ അവകാശപ്പെടുന്നു. അതേ സമയം, കഴിഞ്ഞ മാര്‍ച്ച് 24ന് ഗ്വാട്ടിമാലയിലെ തന്നെ പ്യൂബ്ലോ വീജോ ഗ്രാമത്തില്‍ 75 മൃഗങ്ങള്‍ ഇതേ മാതൃകയില്‍ ചത്തിരുന്നു.
അമേരിക്ക, റഷ്യ, ഫിലിപ്പീൻസ്, പോര്‍ട്ട റീക്കോ, തെക്കേ അമേരിക്കൻ രാജ്യങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ജീവിയാണ് ചുപകാബ്ര. ആട്, കന്നുകാലികള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഈ ജീവിക്ക് പച്ച കലര്‍ന്ന തവിട്ട് നിറത്തോടു കൂടിയ ചെതുമ്ബലുകള് നിറഞ്ഞ ശരീരമാണെന്ന് പറയപ്പെടുന്നു. പിറകില്‍ കഴുത്ത് മുതല്‍ വാലറ്റം വരെ കൂര്‍ത്ത വലിയ മുള്ളുകള്‍ കാണാമെന്നും ഏകദേശം 4 അടിയോളം പൊക്കമുണ്ടെന്നുമാണ് കഥകള്‍. ചുപകാബ്രയുടെ മുഖം ചെന്നായയുടേത് പോലെയാണത്രെ. പലരും ഈ ജീവിയെ കണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മതിയായ തെളിവുകള്‍ ലഭ്യമല്ല. ചുപകാബ്ര ഒരു സാങ്കല്പിക ജീവിയാണെന്ന് ഗവേഷകര്‍ പറയുന്നു. 1990കളിലാണ് ചുപകാബ്രയെ പറ്റിയുള്ള കഥകള്‍ ഉടലെടുത്തത്.