കാലവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുകയാണ്.
കാലവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
പനിയുടെ ആരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് ഈജിപ്റ്റെ കൊതുകുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് പ്രവേശിച്ച് മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. മഴക്കാലമാകുന്നതോടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണവും വളരെയധികം കൂടാറുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ക്യത്യമായി തിരിച്ചറിയുകയും ചികിത്സിക്കുകയും വേണം
ലക്ഷണങ്ങള്‍
അതികഠിനമായ തലവേദനയും പനിയും ശരീരവേദനയുമൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവൻ വരെ അപകടത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഡെങ്കിപ്പനി വൈറസ് ശരീരത്തിനുള്ളില്‍ കയറിയാല്‍ അഞ്ച് മുതല്‍ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് പ്രകടമാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ അതി തീവ്രമായ പനി, കടുത്ത തലവേദന, കണ്ണ് വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകള്‍, ഛര്‍ദ്ദി എന്നിങ്ങനെയാണ്.
ശ്രദ്ധിക്കേണ്ടവ
കൃത്യമായ ശ്രദ്ധയുണ്ടെങ്കില്‍ ഡെങ്കിപ്പനി രോഗവ്യാപനം തടയാൻ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിര്‍ജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പഴങ്ങള്‍ കഴിക്കാനും പഴച്ചാറുകള്‍ കുടിക്കാനും ശ്രദ്ധിക്കണം. പ്ലേറ്റ്ലെറ്റുകള് താഴ്ന്ന പോകാതെ ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.