അറ്റ്‌ലാന്‍റിക്കില്‍ അന്തര്‍വാഹിനി കാണാതായ സംഭവം; ശബ്‌ദം കേട്ടതു പ്രതീക്ഷ; ഓക്സിജനില്‍ ആശങ്ക

June 22, 2023
32
Views

ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാൻ അറ്റ്‌ലാന്‍റിക് മഹാസമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു സാഹസികയാത്ര പോയ അഞ്ചംഗ സംഘം ജീവനോടെയുണ്ടെന്നു സൂചന.

വാഷിംഗ്ടണ്‍ ഡിസി: ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാൻ അറ്റ്‌ലാന്‍റിക് മഹാസമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു സാഹസികയാത്ര പോയ അഞ്ചംഗ സംഘം ജീവനോടെയുണ്ടെന്നു സൂചന.

ഇവര്‍ സഞ്ചരിച്ച അന്തര്‍വാഹിനിയില്‍നിന്നുള്ള ശബ്‌ദങ്ങള്‍ തെരച്ചില്‍സംഘത്തിലെ സോണാര്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തത് പ്രതീക്ഷ നല്കുന്നുണ്ടെങ്കിലും അന്തര്‍വാഹിനിക്കുള്ളിലെ ഓക്സിജന്‍റെ അളവ് വലിയ ആശങ്ക സൃഷ്‌ടിക്കുന്നു.

കനേഡിയൻ തെരച്ചില്‍ സംഘത്തിലെ വിമാനമാണു അപ്രത്യക്ഷമായ മേഖലയില്‍നിന്നുള്ള അന്തര്‍വാഹിനിയിലെ ശബ്‌ദങ്ങള്‍ പിടിച്ചെടുത്തത്. 30 മിനിറ്റിനിടെ ശബ്‌ദങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കാണാതായ ചെറിയ അന്തര്‍വാഹിനിയായ “ടൈറ്റ”നില്‍ നാലു ദിവസത്തേക്കുള്ള ഓക്സിജനേ ഉള്ളൂവെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ആളുകളുടെ ശ്വസനരീതിയനുസരിച്ച്‌ അളവില്‍ വ്യത്യാസം വരുമെന്നും ഇന്നു രാവിലത്തേക്കുവരെയുള്ള ഓക്സിജൻ ഉണ്ടാകാമെന്നും അമേരിക്കൻ തീരരക്ഷാസേന ഇന്നലെ പ്രതീക്ഷ പ്രകടിപ്പിച്ചു.

അമേരിക്കയിലെ ഓഷൻ എക്സ്പഡിഷൻ എന്ന കന്പനിയാണ് ടൈറ്റാനിക് കാണാൻ യാത്ര സംഘടിപ്പിച്ചത്. കന്പനിയുടെ സ്ഥാപകൻ സ്റ്റോക്റ്റണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാര്‍ഡിംഗ്, പാക് വംശജനായ ബ്രിട്ടീഷ് ബിസിനസുകാരൻ ഷെഹ്സാദാ ദാവൂദ്, അദ്ദേഹത്തിന്‍റെ മകൻ സുലൈമാൻ, ഫ്രഞ്ച് പര്യവേക്ഷകൻ പോള്‍ ഒൻറി നാഷലെറ്റ് എന്നിവരാണു സംഘത്തിലുള്ളത്. യാത്ര പുറപ്പെട്ട് ഒന്നേമുക്കാല്‍ മണിക്കൂറിനകം അന്തര്‍വാഹിനിയുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു.

സമയം അമൂല്യമായതിനാല്‍ യുഎസ്, കനേഡിയൻ രക്ഷാസംഘങ്ങള്‍ ഇന്നലെ ശബ്‌ദം കേട്ട ഭാഗത്തു തെരച്ചില്‍ കേന്ദ്രീകരിച്ചു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡില്‍നിന്ന് 644 കിലോമീറ്റര്‍ അകലെ തെക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ 3800 മീറ്റര്‍ ആഴത്തിലാണു ടൈറ്റാനിക് കപ്പല്‍ മുങ്ങിക്കിടക്കുന്നത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *