വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍.
കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസ് പിടിയില്‍.
കോട്ടയം ബസ് സ്റ്റാൻഡില്‍ വച്ചാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്കുള്ള ബസില്‍ പോകുന്നതിനിടെയാണ് നിഖില്‍ പിടിയിലായത്. ഇയാള്‍ കോഴിക്കോട് നിന്നു കൊട്ടാരക്കരയിലേക്കാണ് ടിക്കറ്റെടുത്തത്. സംഭവത്തിനു ശേഷം അഞ്ച് ദിവസമായി നിഖില്‍ ഒളിവിലായിരുന്നു.
വെള്ളിയാഴ്ച അര്‍ധ രാത്രി 12.30ഓടെയാണ് കോട്ടയത്തു വച്ച് നിഖില്‍ പിടിയിലായത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോം പ്രവേശനം നേടിയെന്ന കേസിലാണ് അറസ്റ്റ്.
കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇയാളെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. നിഖിലിനെ റിമാൻഡ് ചെയ്ത് ഇന്നു കോടതിയില്‍ ഹാജരാക്കും.
ചത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ എംഎസ്‌എം കോളജില്‍ എംകോം പ്രവേശനം നേടിയെന്നാണ് ആരോപണം. പിന്നാലെ നിഖിലിനെ സംരക്ഷിക്കാൻ എസ്‌എഫ്‌ഐ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നു പുറത്താക്കി. സിപിഎമ്മും ഇയാളെ പുറത്താക്കി.
നിഖിലുമായി അടുപ്പമുള്ള സിപിഎം കായംകുളം ഏരിയാ കമ്മിറ്റിയംഗത്തെ പൊലീസ് വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. ഒളിവില്‍ പോകുന്നതിനു തൊട്ടുമുൻപ് നിഖില്‍ ഇയാളുമായി സംസാരിച്ചിരുന്നു.