കാട്ടാക്കടയില്‍ കാറില്‍ സഞ്ചരിച്ച വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിലങ്ങിട്ട് പൂട്ടി.
തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറില്‍ സഞ്ചരിച്ച വ്യാപാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിലങ്ങിട്ട് പൂട്ടി.
മറ്റൊരു കാറിലെത്തിയ സംഘമാണ് വ്യാപാരിയെ ബലപ്രയോഗത്തിലൂടെ പൂട്ടിയത്. കാട്ടാക്കട പോലീസെത്തി ഇയാളെ മോചിപ്പിച്ചു.
ശനിയാഴ്ച രാത്രി 10 മണിയോടെ പൂവച്ചല്‍ സ്കൂളിന് സമീപം ഫോര്‍ച്യൂണര്‍ കാറിലെത്തിയ കാട്ടാക്കടയിലെ ഇലക്ട്രോണിക് സ്ഥാപന ഉടമയായ അൻസാരിയെയാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വിലങ്ങിടീപ്പിച്ചത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അൻസാരിയെ സ്റ്റിയറിങ്ങില്‍ ചേര്‍ത്തുവെച്ച് വിലങ്ങിട്ട് പൂട്ടിയ ശേഷം വന്നവര്‍ മറുവശത്ത് കൂടി അകത്തുകയറി ഇയാളെ അകത്തേക്ക് വലിച്ചിട്ടു. ഇയാള്‍ ബഹളം വെച്ചത്തോടെയാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ വിവരം അറിയുന്നത്. ഇതോടെ കാര്‍ പൂട്ടി മൂന്നംഗ സംഘം സംഭവസ്ഥലത്ത് നിന്ന് കടന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വ്യാപാരിയെ പൂട്ടിയ വിലങ്ങ് പോലീസിന്റെ ആണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ നിന്നെത്തിച്ച താക്കോല്‍ ഉപയോഗിച്ച് വിലങ്ങഴിക്കുകയായിരുന്നു. ശേഷം ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസിന്റെ വിലങ്ങ് സംഘത്തിന് എങ്ങനെ കിട്ടി എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.