തക്കാളി വില 100 കടന്നു; ഒരാഴ്ചയ്ക്കുള്ളില്‍ വില ഇരട്ടിയായി

June 27, 2023
12
Views

കാലവര്‍ഷം എത്താൻ വൈകിയത് ഇത്തവണ തക്കാളി വിലയില്‍ വൻ കുതിപ്പിന് കാരണമായിരിക്കുകയാണ്.

കാലവര്‍ഷം എത്താൻ വൈകിയത് ഇത്തവണ തക്കാളി വിലയില്‍ വൻ കുതിപ്പിന് കാരണമായിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതാണ് വൻ വില വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോക്ക് 80 രൂപയാണ് തക്കാളിക്ക് വര്‍ദ്ധിച്ചത്. കൂടാതെ സംസ്ഥാനത്ത് തക്കാളി വില സെഞ്ച്വറി കടന്നു.

അതേസമയം കര്‍ണാടകയിലെ കോലാരില്‍ മൊത്തവ്യാപാര എപിഎംസി മാര്‍ക്കറ്റില്‍ വാരാന്ത്യത്തില്‍ 15 കിലോഗ്രാം തക്കാളി 1,100 രൂപയ്ക്ക് വിറ്റതായാണ് റിപ്പോര്‍ട്ട്‌. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ബെംഗളൂരുവില്‍ വില ഇനിയും ഉയരാൻ സാധ്യത ഉണ്ട്. കൂടാതെ തക്കാളി വില ഉടൻ കിലോയ്ക്ക് 100 രൂപ കടന്നേക്കുമെന്ന് പലചരക്ക് ശൃംഖലയിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. നിലവില്‍ പലയിടത്തും തക്കാളിയുടെ വില കിലോയ്ക്ക് 70 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം തക്കാളി വിത്തിന്റെ അപര്യാപ്തതയും കാലാവസ്ഥ അനുകൂലമല്ലാത്തതും തക്കാളിയുടെ ഉല്‍പാദനം കുറയാൻ കാരണമായി എന്ന് കോലാര്‍ ചന്തയില്‍ തക്കാളി വില്പനയ്ക്ക് എത്തിയ കര്‍ഷകൻ പറയുന്നു. ഇതുമൂലം ആണ് ഇപ്പോള്‍ വില കുതിച്ചുയര്‍ന്നിരിക്കുന്നത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ പോലും തക്കാളിയുടെ ചില്ലറ വില ഇപ്പോള്‍ കിലോയ്ക്ക് 100 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

അതോടൊപ്പം ഡല്‍ഹിയിലെ ആസാദ്പൂര്‍ മാര്‍ക്കറ്റിലും തക്കാളി വില ഇരട്ടിയായി. കിലോയ്ക്ക് 70 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പരിമിതമായ ലഭ്യതയാണ് ദേശീയ തലസ്ഥാനത്ത് തക്കാളി വില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. യുപിയിലെ പല വിപണികളിലും തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 80 രൂപയായി ഉയര്‍ന്നപ്പോള്‍ പഞ്ചാബില്‍ കിലോയ്ക്ക് 60 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ ആകട്ടെ തക്കാളി ഇപ്പോള്‍ മൊത്തമായി വില്‍ക്കുന്നത് കിലോയ്ക്ക് 65 രൂപയ്ക്കാണ്.

അതേസമയം ഒരു മാസത്തിനുള്ളില്‍ തക്കാളി വില 1900% വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മെയ് മാസത്തില്‍ തക്കാളിയുടെ വില കിലോയ്ക്ക് 2 മുതല്‍ 5 രൂപയായിരുന്നു. കൂടാതെ തക്കാളിയുടെ വില കുതിച്ചുയരുന്നതിന് പിന്നിലെ പ്രധാന കാരണം ചില പ്രദേശങ്ങളിലെ മഴക്കുറവും ചില പ്രദേശങ്ങളിലെ കനത്ത മഴയാണെന്നും പറയപ്പെടുന്നു.

തക്കാളി വില ഉയര്‍ന്നത് കൊണ്ട് തന്നെ മറ്റു പച്ചക്കറികളിലും വില വര്‍ധനവ് പ്രതിഫലിക്കും എന്നാണ് കരുതുന്നത്. നിലവില്‍ ഒരു കിലോ ബീൻസിന്റെ വില 120 മുതല്‍ 140 രൂപ വരെയായി ചില സ്ഥലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു കിലോ കാപ്സിക്കത്തിന്റെ വിലയും കിലോയ്ക്ക് 80 രൂപയില്‍ അധികമാണ്. ഇഞ്ചിയുടെ വില കിലോയ്ക്ക് 200 രൂപ വരെ എത്തി നില്‍ക്കുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *