ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (Indira Gandhi International Airport) സെല്‍ഫ് ബാഗേജ് ഡ്രോപ്പ് (എസ്ബിഡി) സംവിധാനം ആരംഭിച്ചു.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (Indira Gandhi International Airport) സെല്‍ഫ് ബാഗേജ് ഡ്രോപ്പ് (എസ്ബിഡി) സംവിധാനം ആരംഭിച്ചു.
ഡല്‍ഹി എയര്‍പോര്‍ട്ട് ഓപ്പറേറ്ററായ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (DIAL) ആണ് തിങ്കളാഴ്ച മുതല്‍ ടെര്‍മിനല്‍ മൂന്നില്‍ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം അവതരിപ്പിച്ചത്. ഇത് വിമാനത്താവളത്തിലെ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.
പുതിയ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രക്കാരുടെ കാത്തിരിപ്പു സമയം 15 മിനിറ്റ് മുതല്‍ 20 മിനിറ്റ് വരെ കുറയുമെന്നാണ് പ്രതീക്ഷ. കൂടാതെ ചെക്ക്-ഇൻ പ്രക്രിയ വളരെ എളുപ്പവും വേഗത്തിലുമാകുമെന്നും പ്രതീക്ഷിക്കുന്നു. സെല്‍ഫ് ബാഗേജ് ഡ്രോപ്പിനായി 12 ഓട്ടോമാറ്റിക് മെഷീനുകളും 2 ഹൈബ്രിഡ് മെഷീനുകളും ഉള്‍പ്പെടെ മൊത്തം 14 എസ്ബിഡി മെഷീനുകളും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍, ആഭ്യന്തര യാത്രക്കാര്‍ക്കാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ആവശ്യമായ അനുമതികള്‍ ലഭിച്ച ശേഷം, ഇത് അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ലഭ്യമാകും.
നിലവില്‍ ഇൻഡിഗോ യാത്രക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഫ്രാൻസ്, കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈൻസ്, ബ്രിട്ടീഷ് എയര്‍വേസ് എന്നിവയുള്‍പ്പെടെ അഞ്ച് എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് എസ്ബിഡി സേവനം വാഗ്ദാനം ചെയ്യാൻ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കേണ്ടത് എങ്ങനെ?
ആദ്യം, ചെക്ക്-ഇൻ കിയോസ്കില്‍ നിന്ന് ബോര്‍ഡിംഗ് പാസും ബാഗേജ് ടാഗും വാങ്ങണം. ശേഷം, യാത്രക്കാര്‍ അവരുടെ ചെക്ക് ചെയ്ത ബാഗുകള്‍ ടാഗ് ചെയ്യണം. ഇതിനുശേഷം, ബോര്‍ഡിംഗ് പാസുകള്‍ മെഷീൻ വഴി സ്കാൻ ചെയ്യണം. ബാഗില്‍ നിയമവിരുദ്ധമോ അപകടകരമോ ആയ വസ്തുക്കള്‍ ഒന്നും ഇല്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും വേണം. അതിനു ശേഷം ബാഗ് കണ്‍വെയര്‍ ബെല്‍റ്റില്‍ തന്നെ ഉണ്ടാകും. പരിശോധനാ പ്രക്രിയ പൂര്‍ത്തിയാകുമ്ബോള്‍ ബാഗേജ് ലക്ഷ്യസ്ഥാനത്തേക്ക് എത്തും.
സാധനങ്ങള്‍ എസ്ബിഡി മെഷീനില്‍ തന്നെ തൂക്കി സ്കാൻ ചെയ്യാം. ചെക്ക് ചെയ്ത ബാഗേജിന്റെ ഭാരം എയര്‍ലൈൻ അനുശാസിച്ചിരിക്കുന്ന പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ മെഷീൻ അത് നിരസിക്കും. അധിക ലഗേജുണ്ടെങ്കില്‍ എയര്‍ലൈൻ ജീവനക്കാര്‍ യാത്രക്കാരെ അക്കാര്യം അറിയിക്കും.
“ഡിജിറ്റൈസേഷൻ, ഓട്ടോമേഷൻ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നതു വഴി ഡല്‍ഹി വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പരിശ്രമിച്ചു വരുന്നത്. യാത്രക്കാരെ കൂടുതല്‍ സ്വതന്ത്രരാക്കാനും ലഗേജ് പരിശോധന വേഗത്തിലാക്കാനും ലക്ഷ്യം വെച്ചാണ് ഞങ്ങള്‍ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്” ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിദെഹ് കുമാര്‍ ജയ്പുരിയാര്‍ പറഞ്ഞു.