റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബര്‍ പാല്‍) വിലയില്‍ വൻകുതിപ്പ്.
കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബര്‍ പാല്‍) വിലയില്‍ വൻകുതിപ്പ്. ശനിയാഴ്ച കിലോക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി വ്യാപാരികള്‍ പറയുന്നു.
വെള്ളിയാഴ്ച 172 രൂപയായിരുന്നു ഒരു കിലോ ലാറ്റക്‌സിന്‍റെ വിപണി വില. കര്‍ഷകര്‍ക്ക് 165 രൂപ വരെ ലഭിച്ചു. ലഭ്യത കുറഞ്ഞതും കയറ്റുമതി ആവശ്യം ഉയര്‍ന്നതുമാണ് വില ഉയരാന്‍ കാരണം. ഒട്ടുപാല്‍ വിലയിലും വര്‍ധനവുണ്ട്. ശനിയാഴ്ച കിലോക്ക് 81 വരെയായി ഉയര്‍ന്നു.
മാര്‍ച്ച് ആദ്യവാരം മുതല്‍ ലാറ്റക്സിന്‍റെ വില നേരിയ തോതില്‍ ഉയര്‍ന്നു വരികയായിരുന്നു. 115-120 രൂപയായിരുന്നു മാര്‍ച്ച് ആദ്യവാരം. പിന്നീട് ദിവസവും വില ഉയര്‍ന്നു. ഏപ്രില്‍ 27 വരെ ഉയര്‍ന്നുനിന്ന വില പിന്നീട് കുറഞ്ഞു. 150-152 നിലയില്‍നിന്ന് വില കഴിഞ്ഞ 20നുശേഷം വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ച കൂടി വില വര്‍ധനയുണ്ടാകുമെന്നാണ് വിപണി നല്‍കുന്ന സൂചന.
മഴ കനക്കാത്തതിനാല്‍ തോട്ടങ്ങളില്‍ ടാപ്പിങ് നടക്കുന്നുണ്ടെങ്കിലും മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടായി. നേരത്തേ സ്റ്റോക്ക് ചെയ്തിരുന്ന ലാറ്റക്സ് കഴിഞ്ഞമാസങ്ങളിലായി വലിയതോതില്‍ വ്യാപാരികളും കര്‍ഷകരും വിറ്റഴിച്ചിരുന്നു. ഇതും ലാറ്റക്സ് ക്ഷാമത്തിന് കാരണമായി.
കോവിഡ് കാലത്ത് സര്‍ജിക്കല്‍ ഗ്ലൗസിന് ആവശ്യമേറിയതോടെ ലാറ്റക്സ് വില ഉയര്‍ന്നിരുന്നു. 2021 മേയില്‍ 188 രൂപ വരെ ലഭിച്ചു. അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയായിരുന്നു. പിന്നീട് കുറഞ്ഞു. ലാറ്റക്സ് വില ഉയര്‍ന്നതോടെ കര്‍ഷകരില്‍ പലരും ഷീറ്റ് ഉല്‍പാദനത്തില്‍നിന്ന് മാറി പാല്‍ നേരിട്ട് നല്‍കാനും ആരംഭിച്ചിട്ടുണ്ട്. റബര്‍ ഷീറ്റ് ഉണ്ടാക്കുന്നതിന് അധ്വാനം ഏറെയായതിനാല്‍ കര്‍ഷകര്‍ക്കും ലാറ്റക്സ് നല്‍കാനാണ് താല്‍പര്യം. അടുത്തിടെ ഷീറ്റ് വില കൂടിയതോടെ പലരും ഷീറ്റ് ഉല്‍പാദനത്തിലേക്ക് മടങ്ങിയിരുന്നു. ഇത്തരക്കാര്‍ വീണ്ടും ലാറ്റക്സ് സംഭരണത്തിന് തുടക്കമിട്ടുണ്ടെന്ന് കര്‍ഷകനായ എബി ഐപ്പ് പറഞ്ഞു.
അതേസമയം ലാറ്റക്സ് വില വര്‍ധനക്ക് ആനുപാതികമായി ഷീറ്റ് വില വര്‍ധിച്ചിട്ടില്ല. ശനിയാഴ്ച ആര്‍.എസ്.എസ് നാലിന് 149 രൂപയും അഞ്ചിന് 146 രൂപയുമായിരുന്നു വ്യാപാരവില. എന്നാല്‍, ലാറ്റ്കസ് വില വര്‍ധന താല്‍ക്കാലികമാണെന്നും ഷീറ്റ് ഉല്‍പാദനത്തില്‍നിന്ന് കര്‍ഷകര്‍ പിൻമാറരുതെന്നുമാണ് റബര്‍ബോര്‍ഡ് പറയുന്നത്.