തക്കാളിവില പിടിച്ചുനിര്‍ത്താൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി തക്കാളിവില പിടിച്ചുനിര്‍ത്താൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പതിനഞ്ച് ദിവസമെങ്കിലും വില താഴാൻ എടുക്കുമെന്നും അതിനുശേഷം തക്കാളിയുടെ വരവ് കൂടുന്നതോടെ വില താഴുമെന്നും കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു.
തക്കാളിയടക്കമുള്ള പച്ചക്കറികള്‍ക്ക് വൻ വിലക്കയറ്റം രാജ്യത്ത് അനുഭവപ്പെടുന്നത് തുടരുകയാണ്.
മധ്യപ്രദേശിലെ ബുര്‍ഹാൻപുര്‍ കാര്‍ഷിക കമ്ബോളത്തില്‍ ഒരു കിലോ തക്കാളിക്ക് 150 രൂപയില്‍ തുടരുമ്ബോള്‍ ജമ്മുവില്‍ ഒരു കിലോയ്ക്ക് 120 രൂപയാണ്. ഇവിടെ ഇഞ്ചി കിലോയ്ക്ക് നാനൂറ് രൂപ പിന്നിട്ടു. ഗുജറാത്തിലും തക്കാളി വില നൂറിനു മുകളിലാണ്. ഡല്‍ഹിയില്‍ തക്കാളി 120 രൂപയ്ക്കും ഇഞ്ചി 320 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വിളനാശമുണ്ടായതാണ് വില കുതിക്കാൻ കാരണമെന്ന് ആസാദ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. അതേസമയം ഉപഭോക്തൃ മന്ത്രാലയത്തിന്റെ ജൂണ്‍ മുപ്പതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ശരാശരി തക്കാളിവില 56.58 രൂപയെന്നാണ് അവകാശവാദം.
‘തക്കാളി കേക്ക്’ മുറിച്ച് പ്രതിഷേധം
സമാജ്വാദി പാര്‍ടി തലവൻ അഖിലേഷ് യാദവിന്റെ ജന്മദിനമായ ജൂലൈ ഒന്നിന് തക്കാളിയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച് പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലായിരുന്നു പ്രതിഷേധ രൂപത്തില്‍ കേക്ക് മുറിച്ചത്. പ്രവര്‍ത്തകര്‍ സൗജന്യ തക്കാളി വിതരണവും നടത്തി.
വില കുറയ്ക്കാൻ ടൊമാറ്റോ ചലഞ്ച്
തക്കാളി വില കുറയ്ക്കാൻ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ‘ടൊമാറ്റോ ഗ്രാൻഡ് ചലഞ്ച്’ എന്ന് പേരിട്ട ഉദ്യമത്തില്‍ അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, വ്യവസായികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്‌എംഇകള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. https://doca.gov.in/gtc/index.php മികച്ച ആശയം തെരഞ്ഞെടുക്കും. വില പിടിച്ചുനിര്‍ത്താൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വിമര്‍ശം ശക്തമായിരിക്കേയാണ് വിചിത്ര ചലഞ്ച്.