മഴ കനത്തതോടെ വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങള്‍
അടിമാലി: മഴ കനത്തതോടെ വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യമാണെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ്.
പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി. ആയിരത്തിലേറെപ്പേരാണ് ഓരോ ദിവസവും പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്.
ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ ബാധിക്കാതിരിക്കാൻ ജലസ്രോതസ്സുകള്‍ മലിനമാകാതെ നോക്കണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഡെങ്കിപ്പനി കേസുകള്‍ കുറവാണെങ്കിലും ജാഗ്രത തുടരണം. മലയോര ഭാഗങ്ങളിലും നഗരമേഖലകളിലും ഡെങ്കിപ്പനി കേസുകള്‍ കൂടുന്നുണ്ട്. സാഹചര്യമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം.
ചിക്കൻപോക്സ് കേസുകള്‍ ഇത്തവണ കൂടുതലാണ്. ചെള്ളുപനി തലച്ചോറിനെ ബാധിച്ച് അപൂര്‍വമായെങ്കിലും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ന്യൂമോണിയയും ഉണ്ടാവാം. തുടര്‍ച്ചയായി പനി വരുമ്ബോള്‍ ചികിത്സ തേടണം. അന്നദാനം, വിവിധ ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയും ആവര്‍ത്തിക്കുന്നുണ്ട്.