സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. അയ്മനം മുട്ടേല്‍ സ്രാമ്ബിത്തറ ഭാനു കറുമ്ബൻ (73) ആണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ അഞ്ചടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
കൊഴിക്കോട് കൊയിലാണ്ടിയില്‍ വലിയമങ്ങാട് കടപ്പുറത്ത് യുവാവിനെ കടലില്‍ കാണാതായി. പന്തലായിനി സ്വദേശി അനൂപിനെയാണ് കാണാതായത്. കടല്‍ത്തിരത്ത് ഇരിക്കുമ്ബോള്‍ തിരയടിച്ച് കടലില്‍ വീഴുകയായിരുന്നു.
അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 423.15 മീറ്റര്‍ എത്തിയതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.
അഞ്ചു ജില്ലകളില്‍ ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെയും സാങ്കേതിക സര്‍വകലാശാലയിലെയും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) നാളെ രാത്രി 11.30 വരെ 3.5 മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി