രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കാൻ നാലുമാസം മാത്രം ബാക്കിനില്‍ക്കെ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചയാകുന്നു.
കൊല്ലം: രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കാൻ നാലുമാസം മാത്രം ബാക്കിനില്‍ക്കെ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചയാകുന്നു.
പ്രത്യേകിച്ച് കെ.ബി. ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും മന്ത്രിസഭ പ്രവേശനമാണ് ചര്‍ച്ചയാകുന്നത്.
മന്ത്രിസഭയിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്‍റണി രാജുവിന് പകരം കേരള കോണ്‍ഗ്രസ് (ബി)യുടെ ഗണേഷ് കുമാറും ഐ.എൻ.എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിന് പകരം കോണ്‍ഗ്രസിന്‍റെ (എസ്) കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നതാണ് നേരത്തേയുള്ള ധാരണ.
എന്നാല്‍, ഗണേഷ് കുമാറിന്‍റെ മന്ത്രിസഭ പ്രവേശനം പ്രതിസന്ധിയിലാണ്. പത്തനാപുരത്തിന്‍റെ പേരിലും അല്ലാതെയും കുറേനാളായി ഭരണപക്ഷവുമായി ഇടഞ്ഞ നിലയിലാണ് ഗണേഷ്. ലഭ്യമാകുന്ന അവസരങ്ങളിലൊക്കെയും സര്‍ക്കാറിനെതിരെ സംസാരിക്കുന്ന ഗണേഷിനോട് മുഖ്യമന്ത്രിയും നീരസത്തിലാണ്.
പത്തനാപുരത്തെ വീട്ടമ്മക്ക് ചികിത്സ ഉറപ്പാക്കുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ചവരുത്തിയ സംഭവം നിയമസഭയില്‍ ഉന്നയിച്ചത് വിവാദമായിരുന്നു. കൊട്ടാരക്കര ആശുപത്രിയില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ കുത്തേറ്റ് ഡോ. വന്ദനദാസ് മരിച്ച സംഭവത്തിലും ആരോഗ്യവകുപ്പിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും കെടുകാര്യസ്ഥതക്കെതിരെ ഗണേഷ് ആഞ്ഞടിച്ചിരുന്നു.
ഗള്‍ഫ് സന്ദര്‍ശിച്ചപ്പോള്‍ കൈയിലുള്ള പണം ബാങ്കില്‍ കിടക്കുന്നതാണ് നല്ലതെന്നും നാട്ടില്‍ നിക്ഷേപിച്ചാല്‍ അത് പോക്കാണെന്ന് പറഞ്ഞതും വിവാദമായി. കേരളം വ്യവസായ സൗഹൃദമല്ലെന്ന ഭരണകക്ഷി എം.എല്‍.എയുടെ സാക്ഷ്യപ്പെടുത്തലായാണ് അത് വിലയിരുത്തപ്പെട്ടത്. പത്തനാപുരത്തെ സര്‍ക്കാര്‍ പരിപാടികളില്‍ ഗണേഷ് സജീവമല്ല. സി.പി.ഐ തീര്‍ത്തും അദ്ദേഹത്തെ അവഗണിച്ച നിലയിലാണ്.
നവമാധ്യമങ്ങളെയാണ് ഗണേഷ് ഉപയോഗപ്പെടുത്തുന്നത്. അതില്‍ പ്രത്യക്ഷമായും പരോക്ഷമായും മുഖ്യമന്ത്രിയെ വിമര്‍ശിക്കാൻ അദ്ദേഹം മടികാണിക്കാറില്ല.
വിമര്‍ശനങ്ങളോട് സഹിഷ്ണുത പുലര്‍ത്താത്ത മുഖ്യമന്ത്രി ഈ സാഹചര്യത്തില്‍ ഗണേഷിന് മന്ത്രി സ്ഥാനം നല്‍കുമോ എന്നതാണ് സംശയം. ഗണേഷിന്‍റെ കുടുംബസ്വത്ത് സംബന്ധിച്ച സഹോദരിയുമായുള്ള തര്‍ക്കമാണ് ആദ്യ ടേം മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം. ഈ കേസ് കോടതിയിലാണ്.
അതിന്‍റെ പേരുപറഞ്ഞാകും ഇക്കുറിയും മന്ത്രി സ്ഥാനം നിഷേധിക്കുക. സെക്കൻഡ് ടേം മന്ത്രിസ്ഥാനത്തോട് അദ്ദേഹം നേരത്തേതന്നെ അതൃപ്തനായിരുന്നു. മന്ത്രി ആകുന്നതിനെക്കാള്‍ പത്തനാപുരത്തിന്‍റെ ജനപ്രതിനിധിയാകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഗണേഷ് കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അധികാരത്തിനായി കടിച്ചുതൂങ്ങാനോ മറ്റാര്‍ക്കെങ്കിലുമൊക്കെ വേണ്ടി വായ്ത്താരി പാടാനോ ഇല്ല. മന്ത്രിസ്ഥാനം തന്നാല്‍ സ്വീകരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല -അദ്ദേഹം നിലപാട് വ്യക്തമാക്കി.ഇതിനിടെ, ഗണേഷ് യു.ഡി.എഫിലേക്ക് തിരിച്ചുപോകുമെന്ന ചര്‍ച്ച സജീവമാണ്.
എൻ.എസ്.എസ് ഇപ്പോള്‍ യു.ഡി.എഫുമായാണ് അടുത്തുനില്‍ക്കുന്നത്. എൻ.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗണേഷ് യു.ഡി.എഫിന്‍റെ ഭാഗമാകുന്നതാണ് അവര്‍ക്കിഷ്ടം. ഗണേഷ് ഏതുപക്ഷത്തെന്നത് നാലുമാസത്തിനകം വ്യക്തമാകുമെന്നാണ് സൂചന.